തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്ക് കൊല്ലത്ത് ഇന്ന് അഞ്ച് പരിപാടികളാണ് ഉണ്ടായിരുന്നത്. അഞ്ചിടത്തും എഐ ക്യാമറ വിവാദത്തെ കുറിച്ച് പിണറായി വിജയൻ പ്രതികരിച്ചില്ല. ക്യാമറാ വിവാദത്തിലെ അഴിമതി ആരോപണം നേരിട്ട് മുഖ്യമന്ത്രിയിലേക്കെത്തി നിൽക്കുമ്പോഴും മുഖ്യമന്ത്രിയും സിപിഎം നേതാക്കളും വിഷയത്തെ കുറിച്ച് പ്രതികരിക്കുന്നില്ല. പ്രതിപക്ഷത്തിന് പറയാനുള്ളത് മുഴുവൻ പറയട്ടെയെന്നും വികസന പദ്ധതികൾക്കെല്ലാം തുരങ്കം വച്ച മുൻചരിത്രം പറഞ്ഞ് രാഷ്ട്രീയമായി നേരിടാമെന്നുമാണ് സർക്കാർ കണക്ക് കൂട്ടുന്നത്. ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് വൻതുക മുടക്കി ക്യാമറാ പദ്ധതി നടപ്പാക്കിയതിൻറെ കണക്കുകളടക്കം പറഞ്ഞ് യുഡിഎഫിനെ പ്രതിരോധിക്കാനാകുമെന്നും അവർ കരുതുന്നു.
എഐ ക്യാമറ ഇടപാടിൻറെ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്ത് വരുമ്പോഴും മുഖ്യമന്ത്രിയും സിപിഎമ്മും മൗനം തുടരുകയാണ്. മന്ത്രി പി രാജീവ് നേരിട്ടിറങ്ങി കെൽട്രോണിനെ സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും എല്ലാം ഇടപാടുകളും നടത്തിയത് കെൽട്രോണിൻറെ അറിവോടെയാണെന്ന് രേഖകൾ വച്ച് പ്രതിപക്ഷം കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം തിരിച്ചടിച്ചിരുന്നു. കണ്ണൂർ കേന്ദ്രീകരിച്ച കറക്കുകമ്പനികളാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന് ആദ്യഘടത്തിൽ പറഞ്ഞ പ്രതിപക്ഷം ഇപ്പോൾ മുഖ്യമന്ത്രിയുമായുള്ള നേരിട്ട ബന്ധം പറഞ്ഞും നിലപാട് കടുപ്പിക്കുകയാണ്.
മുഖ്യമന്ത്രിയുടെ മകൻറെ അമ്മായി അച്ഛൻറെ കമ്പനിക്കാണ് ഈ ഇടപാടിൻറെ ഗുണം കിട്ടിയതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ തുറന്നടിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മറുപടി പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചിരുന്നു. ഭീരുവല്ലെങ്കിൽ മറുപടി പറയാനായിരുന്നു വെല്ലുവിളി. പക്ഷേ ഈ ഘട്ടത്തിലും പാർട്ടി നേതൃത്വം മറുപടി പറയുന്നില്ല. കെ റയിലടക്കം സർക്കാർ വിഭാവനം ചെ്യ്ത വികസന പദ്ധതികൾക്ക് തുരങ്കം വച്ച യുഡിഎഫ് നേതൃത്വത്തിൻറെ സമീപകാല ചരിത്രം എടുത്ത് പറയാനായിരിക്കും സിപിഎം ശ്രമിക്കുക.
5,6,7 തിയതികളിലായി സിപിഎം നേതൃയോഗങ്ങൾ തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഇപ്പോൾ കത്തി നിൽക്കുന്ന വിഷയമെന്ന നിലയിൽ സിപിഎം നേതൃത്വം എഐ ക്യാമറ വിവാദം ചർച്ച ചെയ്യാനാണ് സാധ്യത. എന്നാൽ പുകമറ സൃഷ്ടിക്കാനുള്ള ശ്രമത്തിനപ്പുറം പ്രതിപക്ഷരോപണത്തിൽ ഒന്നുമില്ലെന്നാണ് സിപിഎമ്മിൻറെ പൊതു വിലയിരുത്തൽ.