KeralaNEWS

കെ ഫോണില്‍ എഐ ക്യാമറയെ വെല്ലുന്ന അഴിമതി; എല്ലാം മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ക്കു വേണ്ടിയെന്ന് സതീശന്‍

കാസര്‍ഗോട്: എഐ ക്യാമറയെ വെല്ലുന്നതാണ് കെ ഫോണ്‍ പദ്ധതിയിലെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെ ഫോണ്‍ ടെണ്ടര്‍ ഇടപാടില്‍ ഒത്തുകളിയാണ് നടന്നത്. യഥാര്‍ത്ഥ എസ്റ്റിമേറ്റിനേക്കാള്‍ കൂടുതല്‍ പണം നല്‍കി. മാര്‍ഗനിര്‍ദേശം മറികടന്ന് 520 കോടി എസ്റ്റിമേറ്റിനേക്കാള്‍ ടെന്‍ഡര്‍ തുക കൂട്ടി അധികമായി അനുവദിച്ചു. മുഴുവന്‍ രേഖകളും പ്രതിപക്ഷത്തിന്റെ കയ്യിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എഐ ക്യാമറ ഇടപാട് മാതൃകയിലാണ് കെ ഫോണിലും നടന്നത്. ഭാരത് ഇലക്ട്രോണിക്സിന് നല്‍കിയ കരാര്‍, പ്രസാഡിയോയുടെ കയ്യിലാണ് ഒടുവിലെത്തിയത്. 1,528 കോടിയുടെ പദ്ധതിയില്‍ ടെന്‍ഡര്‍ എക്‌സസിന് കത്ത് നല്‍കിയത് എം ശിവശങ്കര്‍ ആണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

Signature-ad

കെ ഫോണ്‍ ഇടപാടിലും എസ്ആര്‍ഐടി കമ്പനിക്ക് ബന്ധമുണ്ട്. കെ ഫോണിലും ഉപകരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണ്. സര്‍ക്കാര്‍ 1,500 കോടി മുടക്കുന്ന പദ്ധതിയുടെ മുഴുവന്‍ പണവും കൊണ്ടുപോകുന്നത് എസ്ആര്‍ഐടിയാണ്. എല്ലാം സ്വന്തക്കാര്‍ക്ക് വേണ്ടിയുള്ള അഴിമതിയാണ്. അതിനാലാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മൗനം തുടരുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

അഴിമതി പണം എല്ലാം പോകുന്നത് ഒരേ പെട്ടിയിലേക്കാണ് എന്ന് സാരം. മുഖ്യമന്ത്രി പദവിയിലുരുന്ന് അധികാര ദുര്‍വിനിയോഗം നടത്തി എന്ന ആരോപണം വന്നതിന് ശേഷം ഒരക്ഷരം മിണ്ടാത്ത രാജ്യത്തെ ആദ്യ രാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍ എന്നും വിഡി സതീശന്‍ പറഞ്ഞു.

ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍?ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. മേയ് 20ന് സെക്രട്ടറിയറ്റിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കും. ആവശ്യമെങ്കില്‍ നിയമനടപടിയെന്നും വിഡി സതീശന്‍ പറഞ്ഞു. എഐ ക്യാമറ അഴിമതിയില്‍ വ്യവസായ വകുപ്പിന്റെ അന്വേഷണത്തിന് പ്രസക്തിയില്ല. വ്യവസായ മന്ത്രി ഈ പദ്ധതിയെ ന്യായീകരിക്കുകയാണ്, പിന്നെ എങ്ങനെ അന്വേഷണം മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

 

 

 

 

Back to top button
error: