KeralaNEWS

പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ അനുമതി കിട്ടാനുള്ള നീക്കവും പരാജയപ്പെട്ടതോടെ യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ദില്ലി: പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ അനുമതി കിട്ടാനുള്ള നീക്കവും പരാജയപ്പെട്ടതോടെ യുഎഇ യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി പങ്കെടുക്കേണ്ട പ്രാധാന്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിൽ പങ്കെടുക്കുന്നത് കേന്ദ്രം വിലക്കിയത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് യുഎഇ നേരിട്ട് ക്ഷണം നൽകിയതും കേന്ദ്രത്തെ ചൊടിപ്പിച്ചു.

ഈ മാസം എട്ട് മുതൽ പത്ത് വരെ നടക്കുന്ന അബുദാബി ഇൻവെസ്റ്റ്മെൻ്റ് മീറ്റിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രാലയത്തിൻറെ അനുമതി തേടിയത്. യുഎഇ വാണിജ്യസഹമന്ത്രിയാണ് നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് നൽകിയത്. കേരളത്തിന് നേരിട്ട് നൽകിയ കത്ത് കൂടി കേന്ദ്ര അനുമതി തേടിയുള്ള അപേക്ഷയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുത്തിയിരുന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസിനും മീറ്റിൽ സംസാരിക്കാനുള്ള ക്ഷണം ഉണ്ടായിരുന്നു. വ്യവസായ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവരെയും യുഎഇ സന്ദർശിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. അനുമതി തേടിയുള്ള ഫയൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ നേരിട്ടു പരിശോധിച്ചു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കേണ്ടതില്ല എന്ന നിലപാട് വിദേശകാര്യമന്താലയം കേരളത്തെ അറിയിച്ചത്.

Signature-ad

മന്ത്രിതലത്തിലുള്ള സംഘം പങ്കെടുക്കേണ്ട പ്രാധാന്യം പരിപാടിക്കില്ലെന്ന് കേന്ദ്രം കേരളത്തിനയച്ച കത്തിൽ വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥർ പങ്കെടുക്കുന്നതിനോട് എതിർപ്പില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഗോവ മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾക്കും ക്ഷണം കിട്ടിയെന്നാണ് വിവരം. വിഷയം പ്രധാനമന്ത്രിയുടെ ഓഫീസിൻറെ ശ്രദ്ധയിലും സംസ്ഥാന സർക്കാർ കൊണ്ടു വന്നിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസും ഇതുവരെ ഇടപെടാൻ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിക്ക് ക്ഷണം നല്കിയ യുഎഇ മന്ത്രി മുമ്പ് കേരളത്തിലെ ഷോപ്പിംഗ് മാളിൻറെ ഉദ്ഘാടനത്തിൽ ഉൾപ്പടെ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി നേരിട്ട് പങ്കെടുക്കേണ്ട പ്രാധാന്യം എന്ത് എന്ന നിലപാടിൽ കേന്ദ്രം ഉറച്ചു നിൽക്കുകയാണ്. സാങ്കേതിക വിഷയങ്ങളാണ് ഉന്നയിക്കുന്നതെങ്കിലും ഉന്നത രാഷ്ട്രീയ തീരുമാനത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ യാത്ര വിദേശകാര്യമന്ത്രാലയം വിലക്കിയത്.

Back to top button
error: