തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജോലി സമയത്ത് സെമിനാർ നടത്തി സിപിഎം അനുകൂല സംഘടന. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസംഗം കേൾക്കാനാണ് ജീവനക്കാരെ ഇറക്കിയത്. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ആണ് ജോലി സമയത്ത് പരിപാടി നടത്തിയത്. ഉച്ചയ്ക്ക് 1.15 മുതൽ 2.15 വരെയാണ് ഉച്ചഭക്ഷണ ഇടവേള. എന്നാൽ ഒന്നേകാലിന് തുടങ്ങിയ പരിപാടി സമാപിച്ചത് 2.54നാണ്. ഈ സമയത്തൊക്കെയും ജീവനക്കാർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. സെക്രട്ടേറിയറ്റിനോട് ചേർന്നുള്ള സെൻട്രൽ സ്റ്റേഡിയത്തിലായിരുന്നു അസോസിയേഷന്റെ സുവർണ ജൂബിലി കോൺഫറൻസ് നടന്നത്. ആർഎസ്എസിന്റെ വർഗീയതയും ഇന്ത്യൻ രാഷ്ട്രീയവും എന്ന വിഷയത്തിലായിരുന്നു യെച്ചൂരിയുടെ പ്രഭാഷണം.
അതേസമയം, ഉച്ചഭക്ഷണ ഇടവേളയിൽ സംഘടിപ്പിച്ച പരിപാടിയിൽ എത്താൻ വൈകിയ സീതാറാം യെച്ചൂരിയുടെ പ്രസംഗം നീണ്ടുപോയതാണ് കാരണമെന്നാണ് എംപ്ലോയീസ് അസോസിയേഷൻറെ വിശദീകരണം. ഒന്നേകാൽ മുതൽ രണ്ടേകാൽ വരെയാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഉച്ചഭക്ഷണ ഇടവേള . പരിപാടി തുടങ്ങാൻ നിശ്ചയിച്ചത് ഉച്ചയ്ക്ക് ഒന്നേകാലിന്. എന്നാൽ സെമിനാറിൽ മുഖ്യപ്രഭാഷണം നടത്താൻ അരമണിക്കൂർ വൈകിയെത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസംഗം ഒരു മണിക്കൂർ നീണ്ടു. യച്ചൂരി പ്രസംഗം അവസാനിപ്പിച്ചത് 2.54. പരിപാടിയും ലഘുഭക്ഷണവും കഴിഞ്ഞ് ജീവനക്കാർ സീറ്റിൽ മടങ്ങിയെത്തിയപ്പോഴേക്കും പിന്നെയും വൈകി.
ഓരോ ഫയലും ഓരോ ജീവിതമാണെന്നും ജോലിസമയം ഒരു നിമിഷം പോലും പാഴാക്കാനില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ച് ഓർമ്മിപ്പിക്കുന്നതിനിടെയാണ് ഭരണപക്ഷ അനുകൂല സംഘടന ജീവനക്കാരെ സെമിനാറിന് അണിനിരത്തിയത്. പരിപാടിയിൽ സെക്രട്ടേറിയറ്റിലെ ആയിരത്തോളം ജീവനക്കാരാണ് പങ്കെടുത്തത്. ജോലി സമയത്ത് സീറ്റിൽ ആളുണ്ടാകുമെന്ന് ഉറപ്പിക്കാൻ ആക്സസ് കൺട്രോൾ സംവിധാനം കൊണ്ടുവരാനുള്ള സർക്കാർ നീക്കത്തെ വരെ എതിർത്ത സർവീസ് സംഘടനകളിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.