കെ.പി കുമാരൻ സംവിധാനം ചെയ്ത ആദ്യ സിനിമ ‘അതിഥി’ എത്തിയിട്ട് ഇന്ന് 48 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
കെപി കുമാരന്റെ ‘അതിഥി’ക്ക് 48 വയസ്സായി. 1975 മെയ് 2 നാണ് പിജെ ആന്റണി, ഷീല, ബാലൻ കെ നായർ, രാഘവൻ, ശാന്താദേവി, രമണി, കരുണൻ, പി കെ വേണുക്കുട്ടൻ നായർ, കെ പി എ സി സണ്ണി എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം റിലീസായത്. ഒരിക്കലും വരാത്ത അതിഥിയെ കാത്തിരിക്കുന്ന മനുഷ്യ പ്രതീക്ഷകളാണ് പ്രമേയം. ‘സീമന്തിനി നിൻ ചൊടികളിലാരുടെ’ എന്ന മനോഹരഗാനം (വയലാർ-ദേവരാജൻ) കൊണ്ടും പ്രശസ്‌തമാണ് അതിഥി. ആർ.കെ ശേഖർ (എ.ആർ റഹ്മാന്റെ അച്ഛൻ) ആയിരുന്നു പശ്ചാത്തലസംഗീതം.
മുൻപ് നാടകപ്രവർത്തകനായിരുന്ന കെ.പി കുമാരന്റെ നാടകമായിരുന്നു ‘അതിഥി’. ഗോദോയെ കാത്ത് എന്ന വിശ്രുത നാടകം ‘അതിഥി’യെ സ്വാധീനിച്ചിട്ടുണ്ടാവണം. 72 ലായിരുന്നു നാടകാവതരണം. ‘ഇരുട്ടിന്റെ ചാക്കിലെ ഇല്ലാത്ത പൂച്ചയെ തിരയുന്നവർ’ എന്ന് ‘അതിഥി’യുടെ പോസ്റ്ററിലെ പരസ്യവാചകം. ഐവി ശശിയുടെ ആദ്യചിത്രം ‘ഉത്സവ’വും പിന്നീട് ‘അവളുടെ രാവുകളും’ നിർമ്മിച്ച രാമചന്ദ്രനാണ് ‘അതിഥി’ നിർമ്മിച്ചത്.
ഒരു കാലത്ത് മെച്ചമായ നിലയിൽ കഴിഞ്ഞ വീട്ടിൽ ഇപ്പോൾ ദുരിതങ്ങൾ മാത്രം. വർഷങ്ങൾക്കു വീടുവിട്ടിറങ്ങിയ ശേഖരൻ ബോംബയിൽനിന്ന് തിരികെ വീട്ടിൽ എത്തുന്നു എന്ന അറിയിപ്പ് കിട്ടുന്നു, ആ അതിഥിക്കായി (ധനികനായ അതിഥി) ഒരു കുടുംബം മുഴുവൻ കാത്തിരിക്കുന്നു. ബിസിനസ്സിൽ പരാജയപ്പെട്ട ഭർത്താവിനെ കുറ്റം പറയാതെ, അടുക്കളയാണ് തന്റെ ലോകം എന്ന് വിശ്വസിക്കുന്ന ഭാര്യ, പരാജയത്താൽ തകർന്ന് കഞ്ചാവിൽ അഭയം തേടിയ ഭർത്താവ്, ദേഹാദ്ധ്വാനം മൂലധനമാക്കി നാളെയ്ക്കുള്ള സ്വപ്‌നങ്ങൾ നെയ്യുന്ന മെക്കാനിക്ക് കാമുകൻ, നൃത്തത്തിന്റെ ലഹരിയിൽ ജീവിക്കുന്ന നർത്തകിയായ കാമുകി എന്നീ കഥാപാത്രങ്ങളിലൂടെയുള്ള സഞ്ചാരമാണ് സിനിമ. അസാധ്യമായ ഒരു ലോകത്ത് അകപ്പെടുന്ന മനുഷ്യന്റെ ആകുലതകൾ. ഓരോ മനുഷ്യനും അപരനും തനിക്ക് തന്നെയും അതിഥിയാണ്.
സ്വയംവരം എന്ന അടൂർ ചിത്രത്തിന്റെ സഹതിരക്കഥാകൃത്തും സഹസംവിധായകനുമാണ് കെ.പി കുമാരൻ. ജെ.സി ഡാനിയേൽ അവാർഡ് ജേതാവാണ്. 11 ചിത്രങ്ങൾ സംവിധാനം ചെയ്‌ത കെപി കുമാരന്റെ ആദ്യചിത്രമാണ് അതിഥി. മാധവിക്കുട്ടിയുടെ രുഗ്മിണി എന്ന കഥ സിനിമയാക്കിയിട്ടുണ്ട്. ഇബ്‌സന്റെ മാസ്റ്റർ ബിൽഡർ എന്ന പ്രശസ്‌ത നാടകത്തിന്റെ സ്വാതന്ത്രാവിഷ്ക്കരമാണ് മോഹൻലാൽ അഭിനയിച്ച ആകാശഗോപുരം എന്ന കെപി കുമാരന്റെ ചിത്രം.