FeatureNEWS

കുംഭൽഗഢ് കോട്ട: ഇന്ത്യയിലെ വൻമതിൽ 

ന്മതിലെന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുക ചൈനയിലെ വന്മതിൽ തന്നെയാണ്. ഇനി ചന്ദ്രനിൽ നിന്നു നോക്കിയാൽ പോലും അതും നഗ്നനേത്രങ്ങളുപയോഗിച്ച് കാണാൻ സാധിക്കുന്ന ഭൂമിയിലെ മനുഷ്യ നിർമ്മിതമായ ഏക വസ്തു ചൈനയിലെ വന്മതിലാണത്രെ. എന്നാൽ ചൈനയിൽ മാത്രമല്ല നമ്മുടെ നാട്ടിലുമൊരു വന്മതിലുണ്ട്. ചൈനയിലെ വന്മതിൽ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും നീണ്ട മതിൽ എന്നറിയപ്പെടുന്ന ഒന്ന്…
രാജസ്ഥാനിലെ ചരിത്രമുറങ്ങുന്ന കുംഭല്ഗഡ് കോട്ടയും അതിന്റെ മതിലും ഒക്കെ ചേരുന്നതാണ് നമ്മുടെ വന്മതിൽ. ഭാരത ചരിത്രത്തിലെ തന്നെ നിർണ്ണായകമായ പല കാര്യങ്ങൾക്കും സംഭവങ്ങൾക്കും പേരുകേട്ട കുംഭല്ഗഡ് കോട്ടയുടെ വിശേഷങ്ങൾ…
യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്ന കുംഭല്ഗഡ് കോട്ട ഇന്ത്യയുടെ വന്മതിൽ എന്നാണ് അറിയപ്പെടുന്നത്. രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിൽ ആരവല്ലി കുന്നുകളിലായാണ് ഇത് നീണ്ടു കിടക്കുന്നത്. 15-ാം നൂറ്റാണ്ടിൽ മേവാർ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന റാണ കുംഭ എന്ന കുംഭകർണ സിങ് ആണ് ഇത് നിർമ്മിക്കുന്നത്. മേവാർ ഭരണാധികാരികളുടെ ഒളിയിടമായും ഈ കോട്ട വർത്തിച്ചിട്ടുണ്ട്. മഹാറാണ പ്രതാപിന്റെ ജന്മസ്ഥലം എന്ന പ്രത്യേകതയും ഈ കോട്ടയ്ക്കുണ്ട്.
മേവാർ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന റാണ കുംഭ എന്ന കുംഭകർണ സിങിന്റെ കാലത്ത് മദൻ എന്നു പേരായ വാസ്തു ശില്പിയാണ് ഈ കോട്ട നിർമ്മിക്കുന്നത്. അക്കാലത്തെ പ്രധാന രാജവംശങ്ങളായിരുന്ന മേവാറിനെയും മാർവാറിനെയും തമ്മിൽ വേർതിരിച്ചിരുന്നത്.
ചൈനയിലെ വന്മതിൽ കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും നീളമുള്ള മതിലാണ് കുംഭല്ഗഡ് കോട്ടയുടേത്. 38 കിലോമീറ്റർ ദൂരമാണ് ഈ കോട്ടമതിലിനുള്ളത്. സമുദര് നിരപ്പിൽ നിന്നും 1,100 മീറ്റർ അഥവാ 3600 അടി ഉയരത്തിലാണ് കോട്ട നിർമ്മിച്ചിരിക്കുന്നത്.
15 അടി കനമുള്ള മതിലാണ് കോട്ടയ്ക്കകത്തേയ്ക്ക് കയറുമ്പോൾ കാണുവാനുള്ള ആദ്യ കാഴ്ച.അതിനു ശേഷം ഏഴു കവാടങ്ങൾ കൂടി കടക്കണം ഉള്ളിലെത്തുവാൻ. ക്ഷേത്രങ്ങൾ ഉൾപ്പടെയുള്ള മറ്റു നിർമ്മിതികൾ കോട്ടയ്ക്കുള്ളിൽ കാണാം. 300 ജൈന ക്ഷേത്രങ്ങളുൾപ്പെടെ 360 ഓളം ക്ഷേത്രങ്ങളുണ്ട് കോട്ടയ്ക്കകത്ത്. ഇവിടുത്തെ ഗണേശ ക്ഷേത്രമാണ് കോട്ടയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം. നിൽകാന്ത് മഹാദേവ ക്ഷേത്രം, ശിവ ക്ഷേത്രം, പർസ്വ നാഥ ക്ഷേത്രം, സൂര്യ മന്ദിർ, പിത്താൽ ഷാ ജൈന ക്ഷേത്രം തുടങ്ങിയവയാണ് കോട്ടയ്ക്കുള്ളിലെ മറ്റു പ്രധാന ക്ഷേത്രങ്ങൾ.
രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെയാണ് ഇവിടേക്കുള്ള പ്രവേശനം. ഇന്ത്യക്കാരായ സന്ദർശകർക്ക് 10 രൂപയും വിദേശികൾക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്.

Back to top button
error: