മൂന്നാർ: കല്ലാർ എസ്റ്റേറ്റ് മേഖലയിൽ കടുവ ഇറങ്ങി. എസ്റ്റേറ്റിലെ ആൾപാർപ്പില്ലാത്ത പ്രദേശത്താണ് കടുവയെ കണ്ടത്. രാവിലെ 10 മണിയോടെയാണ് സംഭവം. തേയില തോട്ടത്തിലെ റോഡ് കുറുകെ കടക്കുന്ന കടുവയുടെ ചിത്രങ്ങൾ പ്രദേശവാസികൾ പകർത്തി. കഴിഞ്ഞ കുറേക്കാലമായി വന്യജീവി ആക്രമണം പതിവായ പ്രദേശമാണിത്. പശുക്കളെയടക്കം വന്യമൃഗങ്ങൾ ആക്രമിച്ച് കൊല്ലുന്നത് പതിവായിരുന്നു. കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ വനംവകുപ്പ് തയ്യാറായിരുന്നില്ല. ഇതിനിടയിലാണ് ഇന്ന് കടുവയെ നേരിട്ട് കാണാനായത്.
അതേസമയം മൂന്നാറിനടുത്ത് ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പിടികൂടി മാറ്റിയിട്ടും കാട്ടാന ആക്രമണം തുടരുകയാണ്. വിലക്ക് മൗണ്ട് ഫോർട്ട് സ്ക്കൂളിന് സമീപത്തുളള ഷെഡ് ചക്കക്കൊമ്പൻ ഉൾപ്പെട്ട കാട്ടാനക്കൂട്ടം തകർത്തു. മൂന്ന് ദിവസമായി വിലക്കിലിന് സമീപമുള്ള ചോലക്കാട്ടിലാണ് കാട്ടാനക്കൂട്ടം നിൽക്കുന്നത്.
ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ വീടുകളെല്ലാം തകർക്കുന്നത് അരിക്കൊമ്പനാണെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ അരിക്കൊമ്പനെ കൊണ്ടു പോയതിന് അടുത്ത ദിവസം തന്നെ ചക്കക്കൊമ്പനടങ്ങുന്ന ആനക്കൂട്ടം വീടുതകർത്തത് ആളുകളെ ആശങ്കയിലാക്കി. ചിന്നക്കനാൽ വിലക്കിലുള്ള രാജൻ എന്നയാളുടെ ഷെഡാണ് തകർത്തത്. തകരം കൊണ്ടു പണിത ഷെഡിൽ ആക്രമണ സമയത്ത് ആരുമുണ്ടായിരുന്നില്ല. ചക്കക്കൊമ്പനൊപ്പം രണ്ടു പിടിയാനകളും രണ്ട് കുട്ടിയാനകളുമുണ്ടായിരുന്നു.
പ്രദേശത്ത് കൃഷിയും നശിപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസമായി അരിക്കൊമ്പൻ ദൗത്യം നടത്തിയ മേഖലയിലെ വനത്തിലാണ് ചക്കക്കൊമ്പനുൾപ്പെടുന്ന കാട്ടാന കൂട്ടം ചുറ്റി തിരിയുന്നത്. മദപ്പാടിയാലയതിനാൽ കൂടുതൽ സമയവും കൂട്ടത്തിനൊപ്പമാണ് ചക്കക്കൊമ്പൻ. ഇതിനിടെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട അരിക്കൊമ്പൻ പൂർണ ആരോഗ്യവാനായി വനത്തിൽ ചുറ്റിത്തിരിയുകയാണെന്ന് അധികൃതർ അറിയിച്ചു. തുറന്നു വിട്ട സ്ഥലത്തു നിന്നും തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലേക്കാണ് നീങ്ങുന്നത്. ജിപിഎസ് കോളറിൽ നിന്നും സിഗ്നൽ കൃത്യമായി ലഭിക്കുന്നുണ്ട്. നിരീക്ഷണത്തിനായി പ്രത്യേകം സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.