KeralaNEWS

‘വന്ദേ ഭാരതി’ല്‍ പോസ്റ്റര്‍ ഒട്ടിച്ച സംഭവം; പഞ്ചായത്തംഗം ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് 1000 രൂപവീതം പിഴ

പാലക്കാട്: ഷൊര്‍ണൂരില്‍ വന്ദേഭാരത് ട്രെയിനില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ പോസ്റ്റര്‍ പതിച്ച കേസില്‍ അഞ്ചുപേരെ റെയില്‍വേ സുരക്ഷാസേന അറസ്റ്റുചെയ്ത് ജാമ്യത്തില്‍വിട്ടു. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തംഗവും പുതൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ ആനക്കല്‍ സെന്തില്‍ കുമാര്‍ (31), കള്ളമല പെരുമ്പുള്ളി പി.എം. ഹനീഫ (44), നടുവട്ടം അഴകന്‍കണ്ടത്തില്‍ മുഹമ്മദ് സഫല്‍ (19), കീഴായൂര്‍ പുല്ലാടന്‍ മുഹമ്മദ് ഹാഷിദ് (19), കൂട്ടാല മുട്ടിച്ചിറ എം. കിഷോര്‍കുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്.

അഞ്ചുപേരില്‍നിന്നും 1000 രൂപവീതം പിഴയീടാക്കി, റെയില്‍വേ കോടതി ജാമ്യത്തില്‍ വിട്ടു. കോടതി പിരിയുംവരെ അഞ്ചുപേരെയും കോടതിയില്‍ നിര്‍ത്തുകയുംചെയ്തു. പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്ത തീവണ്ടി ഷൊര്‍ണൂരെത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകര്‍ കൊണ്ടുവന്ന പ്ലക്കാര്‍ഡുകളിലെ പോസ്റ്റര്‍ തീവണ്ടിയില്‍ പതിച്ചത്. മഴപെയ്തപ്പോള്‍ തീവണ്ടിക്കുമുകളില്‍ വീണ വെള്ളത്തില്‍ പോസ്റ്റര്‍ പതിക്കുകയായിരുന്നു. പോസ്റ്ററുകള്‍ ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ നീക്കംചെയ്‌തെങ്കിലും പരാതിയായതോടെ കേസെടുത്തു.

Signature-ad

പിന്നീട് സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ ആര്‍.പി.എഫ്. കണ്ടെത്തിയത്. ഇവരെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. യാത്രക്കാരെ ശല്യപ്പെടുത്തുക, റെയില്‍വേസ്ഥലത്ത് അതിക്രമിച്ച് കയറുക, നോട്ടീസുകള്‍ പതിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Back to top button
error: