Breaking NewsLead NewsNEWSWorld

യുദ്ധവും സമാധാനവും ഒരു കലത്തിൽ വേവിക്കാൻ അമേരിക്ക!! ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്ന്, ഓരോ 20 സെക്കൻഡിലും ഒരു വിമാനം പറത്താനുള്ള ശേഷി, രണ്ട് ആണവ റിയാക്ടറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷും മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുന്നു…മറുസൈഡിൽ സമാധാന ചർച്ചകൾ

വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക കരുത്ത് വർദ്ധിപ്പിക്കുന്നതിനായി അമേരിക്ക തങ്ങളുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പൽ കൂടി പശ്ചിമേഷ്യയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. യുഎസിന്റെ നിമിറ്റ്സ് ക്ലാസിൽ പെട്ട യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷ് എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധക്കപ്പലിലൊന്നായ വിമാനവാഹിനി കപ്പൽ മേഖലയിലേക്ക് നീങ്ങുന്നതായിയാണ് റിപ്പോർട്ട്. ഏകദേശം 80 യുദ്ധവിമാനങ്ങൾ വരെ വഹിക്കാൻ ശേഷിയുള്ള ഈ കപ്പൽ അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ ഭാഗമാകും. ഇതിനു പുറമെ, മിസൈൽ നശീകരണ കപ്പലുകളായ യുഎസ്എസ് ഡൊണാൾഡ് കുക്ക്, യുഎസ്എസ് മേസൺ എന്നിവയും പശ്ചിമേഷ്യ ലക്ഷ്യമാക്കി യാത്ര തിരിച്ചിട്ടുണ്ട്.

യുഎസ്എസ് ജോർജ് എച്ച്. ഡബ്ല്യു. ബുഷ് ഭീമന്റെ പ്രത്യേകതകൾ ഇതൊക്കെ

Signature-ad

1,092 അടി നീളവും 100,000 ടണ്ണിലധികം ഭാരം വഹിക്കാനുള്ള ശേഷിയുള്ള ഈ കപ്പൽ ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നാണ്. രണ്ട് ആണവ റിയാക്ടറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ കപ്പൽ 30 നോട്ട്സിലധികം വേഗത കൈവരിക്കും. 4.5 എക്കർ വിസ്തൃതിയുള്ള ഫ്ലൈറ്റ് ഡെക്കാണ് ഇതിൻ്റെ പ്രധാന സവിശേഷത, ഒരേസമയം നിരവധി യുദ്ധവിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്ന രീതിയിലാണ്.

അതുപോലെ യുഎസ്എസ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ്-എൻ 56 വരെ ഫിക്സഡ്-വിംഗ് വിമാനങ്ങളും 15 വരെ ഹെലികോപ്റ്ററുകളും വഹിക്കാൻ കഴിയും. ഓരോ 20 സെക്കൻഡിലും ഒരു വിമാനം പറത്താനുള്ള ശേഷിയുള്ളതാണ് ഈ കപ്പൽ. 8,500 ടണ്ണോളം എയർക്രാഫ്റ്റ് ഇന്ധനം സംഭരിക്കാനായതിനാൽ ദീർഘകാല യുദ്ധപ്രവർത്തനങ്ങൾക്ക് വളരെ അനുയോ​ജ്യമാണ്.

ഒരു സൈഡിൽ യുദ്ധത്തിനായി കപ്പലുകൾ അണിനിരത്തുന്നുണ്ടെങ്കിലും മറുസൈഡിൽ കൂടി നയതന്ത്ര ചർച്ചകൾക്കുള്ള സാധ്യതകളും സജീവമാണ്. ഇറാനുമായുള്ള ചർച്ചകൾ ഈ ആഴ്ച തന്നെ നടക്കുമെന്ന് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ് അറിയിച്ചു. തങ്ങൾ മുന്നോട്ടുവെച്ച 15 ഇന നിബന്ധനകളിൽ ഇറാന്റെ ഔദ്യോഗിക നിലപാടിനായി അമേരിക്ക കാത്തിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

അതേസമയം സംഘർഷം പശ്ചിമേഷ്യയിലെ മറ്റ് ഭാഗങ്ങളിലേക്കും പടരുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. യെമനിൽ നിന്ന് ഇസ്രയേലിന് നേരെ ഹൂതികളുടെ മിസൈൽ ആക്രമണം ഉണ്ടായതായി ഇസ്രയേൽ പ്രതിരോധ സേന ആരോപിച്ചു. ഇറാനെതിരായ യുദ്ധം തുടരുകയാണെങ്കിൽ ഇസ്രയേലിനെതിരെ നേരിട്ട് രംഗത്തിറങ്ങുമെന്ന് യമനിലെ ഹൂതി വക്താവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതുപോലെ ഇറാനിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ ടെഹ്‌റാൻ യൂണിവേഴ്സിറ്റിക്ക് നേരെ വരെ ഇസ്രയേൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഇതിന് മറുപടിയായി ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ഇസ്രയേലിലെ ടെൽ അവീവിൽ ഒരാൾ കൊല്ലപ്പെട്ടതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ യുദ്ധം കൂടുതൽ സങ്കീർണ്ണമായ തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: