മൂന്നാർ: അരിക്കൊമ്പനെ കണ്ടെത്തി. ശങ്കരപാണ്ഡ്യമേട്ടിൽ നിന്നും ഗോവിന്ദൻ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയിലാണ് ആനയെ കണ്ടെത്തിയത്. അരിക്കൊമ്പൻ കൂട്ടം വിടാൻ കാരണം ചക്കക്കൊമ്പന്റെ സാന്നിധ്യമാണെന്ന് വനം വകുപ്പ് പറയുന്നു. ചക്കക്കൊമ്പന് മദപ്പാട് കാലം തുടങ്ങി. മദപ്പാടുള്ള ആന കൂട്ടത്തിലേക്ക് വന്നാൽ ഇവിടെയുള്ള കൊമ്പൻ കൂട്ടം വിടുന്നതാണ് പതിവെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. അരിക്കൊമ്പൻ കൂട്ടം വിടുകയും ചക്കക്കൊമ്പൻ കൂട്ടത്തിനൊപ്പം ചേരുകയുമായിരുന്നു. അരിക്കൊമ്പന് മദപ്പാട് കാലം കഴിഞ്ഞെന്നും വനം വകുപ്പ് അറിയിച്ചു. നാട്ടുകാരാണ് അരിക്കൊമ്പനെ ശങ്കരപാണ്ഡ്യമേട് ഭാഗത്ത് കണ്ടത്. വൈകീട്ട് അഞ്ചുമണിയോടെയാണ് ആനയെ കണ്ടെത്തിയത്. ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചുവെന്ന് നാട്ടുകാർ പറഞ്ഞു.
അരിക്കൊമ്പൻ എവിടെയെന്ന് കൃത്യമായി കണ്ടെത്താൻ വനം വകുപ്പിന് കഴിയാതെ പോയതാണ് ഇന്നത്തെ ദൗത്യത്തിന്റെ പരാജയത്തിന് വഴിവച്ചത്. അരിക്കൊമ്പൻ ഉൾപ്പെട്ട ആനക്കൂട്ടം എന്നു കരുതി വനം വകുപ്പ് പിന്തുടർന്നത് ചക്കക്കൊമ്പൻ ഉൾപ്പെടെ മറ്റ് ചില ആനകളെയായിരുന്നു. ചിന്നക്കനാൽ മേഖലയിൽ നിന്ന് 15 കിലോമീറ്ററോളം അകലെ ശങ്കരപാണ്ഡ്യമേട്ടിലേക്ക് ബുധനാഴ്ച രാത്രി തന്നെ അരിക്കൊമ്പൻ കടന്നിരുന്നു.
അരിക്കൊമ്പൻ ചിന്നക്കനാലിനടുത്ത് വേസ്റ്റ് കുഴിയിലെ യൂക്കാലികാട്ടിൽ ഉണ്ടെന്ന അനുമാനത്തിലാണ് ഇന്ന് പുലർച്ചെ തന്നെ വനം വകുപ്പ് ആനയെ പിടിക്കാൻ ഇറങ്ങിയത്. വനംവകുപ്പിന്റെ കണക്കു കൂട്ടൽ ശരിയെന്നു തോന്നിപ്പിക്കും വിധം അതികാലത്ത് തന്നെ ഒരു ആനക്കൂട്ടം ചിന്നക്കനാൽ മേഖലയിൽ എത്തുകയും ചെയ്തു. കൂട്ടത്തിലെ കൊമ്പൻ അരിക്കൊമ്പൻ എന്ന നിഗമനത്തിൽ മയക്കു വെടി വയ്ക്കാൻ ഇറങ്ങിയ ദൗത്യസംഘം അവസാന നിമിഷമാണ് അത് ചക്കക്കൊമ്പനാണെന്ന അബദ്ധം തിരിച്ചറിഞ്ഞത്.
അരിക്കൊമ്പൻ ഇല്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് ആന ചിന്നക്കനാൽ നിന്ന് 15 കിലോമീറ്റർ അകലെ ശങ്കര പാണ്ഡ്യ മേട്ടിൽ ഉണ്ടെന്ന വിവരം നാട്ടുകാരിൽ നിന്ന് വനം വകുപ്പിന് കിട്ടി. ശങ്കരപാണ്ഡ്യ മേട്ടിൽ വച്ച് ദൗത്യം നടപ്പാക്കുക വനം വകുപ്പിന് വെല്ലുവിളിയാണ്. മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് തടസം. കോടതിയുടെ കർശന മേൽനോട്ടത്തിൽ നടന്നൊരു ദൗത്യം പാളിയതിനെക്കാൾ, ഒരു മാസമായി പിന്തുടർന്ന ആനയെ കൃത്യമായി കണ്ടെത്താൻ പോലും കഴിയാതെ പോയതിന്റെ നാണക്കേടാണ് വനം വകുപ്പിനെ ഇപ്പോൾ അലട്ടുന്നത്.