IndiaNEWS

കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്: അമുലിനെ പുറത്താക്കും ‘നന്ദിനി’യെ രക്ഷിക്കും, മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കും; പ്രകടന പത്രികയുമായി ജെഡിഎസ്

ബെം​ഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ജെഡിഎസ് പ്രകടന പത്രിക പുറത്തിറക്കി. മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്നും അമുലിനെ പുറത്താക്കുമെന്നും നന്ദിനി ബ്രാൻഡിനെ രക്ഷിക്കുമെന്നുമാണ് പ്രധാന വാ​ഗ്ദാനം. വ്യാഴാഴ്ചയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എച്ച്.ഡി. കുമാരസ്വാമി, സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിം, പ്രകടനപത്രിക കമ്മിറ്റി മേധാവിയും എം.എൽ.സിയുമായ ബി.എം. ഫാറൂഖ് ഉൾപ്പെടെയുള്ള നേതാക്കളാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കർഷകത്തൊഴിലാളി കുടുംബങ്ങൾക്ക് പ്രതിമാസം 2000 രൂപ നൽകുമെന്നും പ്രകടന പത്രികയിൽ വാ​ഗ്ദാനം ചെയ്തു. കർഷകരായ യുവാക്കളെ വിവാഹം കഴിക്കുന്ന പെൺകുട്ടികൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നൽകും.

സ്വകാര്യ മേഖലയിൽ കന്നഡിഗർക്ക് ജോലി സംവരണം ചെയ്യുന്ന നിയമം കൊണ്ടുവരുമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസം നൽകുമെന്നും ഉറപ്പുനൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് കർണാടകയിൽ മുസ്ലിം വിഭാ​ഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കി, വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്ക് തുല്യമായി വീതിച്ചത്. കേസ് ഇപ്പോൾ സുപ്രീം കോടതി പരി​ഗണനയിലാണ്. ഗുജറാത്ത് ആസ്ഥാനമായുള്ള ക്ഷീര സഹകരണ സ്ഥാപനമായ അമുലിന്റെ പാലും തൈരും കർണാടകയിൽ വിൽക്കുന്നതനും നീക്കമുണ്ടായിരുന്നു. തുടർന്ന് വിവാദം പൊട്ടിപ്പുറപ്പെട്ടു. തുടർന്നാണ് പ്രകടനപത്രികയിലെ നന്ദിനി ബ്രാൻഡിനെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള ജെ‍ഡിഎസിന്റെ വാഗ്ദാനം. കർണാടക മിൽക്ക് ഫെഡറേഷന്റെ (കെഎംഎഫ്) ബ്രാൻഡായ നന്ദിനിയെ അമുലുമായി ലയിപ്പിക്കാൻ ശ്രമിക്കുമെന്ന് പ്രതിപക്ഷമായ കോൺഗ്രസും ജെഡിഎസും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ആരോപണം ബിജെപി തള്ളി.

Signature-ad

ഗർഭിണികൾക്ക് ആറ് മാസത്തേക്ക് 6,000 രൂപ, സ്ത്രീ ശക്തി സ്വയം സഹായ സംഘങ്ങളുടെ വായ്പ എഴുതിത്തള്ളൽ, അംഗൻവാടി ജീവനക്കാർക്ക് പെൻഷൻ, ഓട്ടോ ഡ്രൈവർമാർക്ക് പ്രതിമാസം 2,000 രൂപ, 2,000 രൂപ എന്നിങ്ങനെയാണ് മറ്റ് ഉറപ്പുകൾ. വരും ദിവസങ്ങളിൽ ബെംഗളൂരുവിനുവേണ്ടി പാർട്ടി പ്രത്യേക പ്രകടനപത്രിക പുറത്തിറക്കുമെന്ന് കുമാരസ്വാമി പറഞ്ഞു.

Back to top button
error: