കണ്ണൂർ: സുഡാനിൽ നിന്ന് തന്നെയും മകളെയും നാട്ടിൽ എത്തിക്കാൻ പരിശ്രമിച്ച എല്ലാവർക്കും നന്ദി പറഞ്ഞു കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും. സുഡാനിൽ 10 ദിവസം കഴിഞ്ഞത് പേടിച്ചു വിറച്ചാണ്. ആൽബർട്ട് വെടിയേറ്റ് മരിച്ചതിന് ശേഷം ഫ്ലാറ്റിന്റെ ഇടനാഴിയിൽ ആണ് കഴിഞ്ഞത്. ആൽബർട്ടിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് ഉം ദുർമൻ ആശുപത്രിയിലാണ്. മൃതദേഹം നാട്ടിൽ എത്തിക്കാൻ സർക്കാറിന്റെ വേഗത്തിലുള്ള ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സൈബല്ല പറഞ്ഞു.
ആഭ്യന്തര സംഘർഷം രൂക്ഷമായി തുടരുന്ന സുഡാനിൽ സ്ഥിതി സങ്കീർണമായി തുടരുന്നുവെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. കേന്ദ്രം ഇത് ഗൗരവമായി നിരീക്ഷിക്കുകയാണ്. പലയിടത്തും വെടിനിർത്തൽ പാലിക്കപ്പെടുന്നില്ല. ഖാർത്തൂം കേന്ദ്രീകരിച്ചും, അംദുർമാൻ, അൽഫാഷർ, കസാല, പോർട്ട് സുഡാൻ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും ഓപ്പറേഷൻ കാവേരി ദൗത്യം പുരോഗമിക്കുകയാണ്. ഖാർത്തൂമിലെ ഇന്ത്യൻ എംബസി, പോർട്ട് സുഡാൻ, ജിദ്ദ എന്നിവിടങ്ങളിൽ മുഴുവൻ സമയ കണ്ട്രോൾ റൂം തുറന്നു. സുഡാനിൽ 3100 പേരാണ് നാട്ടിലേക്ക് മടങ്ങാനായി ഓൺലൈനിൽ രജിസ്റ്റർ ചെയ്തത്.
3500 ഇന്ത്യാക്കാരും ആയിരം ഇന്ത്യൻ വംശജരും സുഡാനിലുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ പുതിയ കണക്ക്. ഇവരെ ഒഴിപ്പിക്കാനായി ചൊവ്വാഴ്ച തുടങ്ങിയ ഓപ്പറേഷൻ കാവേരിയിലൂടെ 1095 പേരെ ഇതുവരെ പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലെത്തിച്ചു. സൈനിക കപ്പലുകളായ ഐഎൻഎസ് സുമേധ, ഐഎൻഎസ് തേഗ് എന്നിവയും, വ്യോമസേനയുടെ സി130 ജെ വിമാനങ്ങളുമുപയോഗിച്ചാണ് ഇവരെ ജിദ്ദയിലേക്ക് മാറ്റുന്നത്.