കൊച്ചി: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനില്‍ വെടിയേറ്റു മരിച്ച വിമുക്ത ഭടന്‍ കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ കാക്കടവ് ആലവേലില്‍ ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും കേരളത്തില്‍ തിരിച്ചെത്തി. ഇന്നു രാവിലെ പത്തു മണിയോടെയാണ് ആല്‍ബര്‍ട്ടിന്റെ ഭാര്യ സൈബല്ലയും മകള്‍ മരീറ്റയും നെടുമ്പാശേരി രാജ്യന്തര വിമാനത്താവളത്തിലെത്തിയത്. ജിദ്ദയില്‍ നിന്നെത്തിയ ഇരുവരും സ്വദേശമായ കണ്ണൂരിലേക്ക് പുറപ്പെട്ടു.
അതേസമയം, മരിച്ച ആല്‍ബര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആല്‍ബര്‍ട്ടിന്റെ പിതാവുമായി ഫോണില്‍ സംസാരിച്ചതായി ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേതൃത്വം നല്‍കി ജിദ്ദയിലുള്ള കേന്ദ്രമന്ത്രി വി.മുരളീധരന്‍ അറിയിച്ചിരുന്നു. വെടിയേറ്റു മരിച്ച ഫ്‌ലാറ്റില്‍നിന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മൃതദേഹം മാറ്റാനാകാത്തതിനെ തുടര്‍ന്ന് സൈബല്ല സര്‍ക്കാരിന്റെ അടിയന്തര സഹായം അഭ്യര്‍ഥിച്ചിരുന്നു. പിന്നീട് മൂന്നുമണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം മാറ്റാനായത്.
‘ഓപ്പറേഷന്‍ കാവേരി’യുടെ ഭാഗമായി സുഡാനില്‍നിന്ന് ഒഴിപ്പിച്ച 360 അംഗ സംഘം ഇന്ത്യയിലെത്തിയിരുന്നു. ഇതില്‍ 19 പേര്‍ മലയാളികളാണ്. ഡല്‍ഹിയിലെത്തിയ മലയാളികളുടെ ആദ്യ സംഘം ഇന്നു രാവിലെ നെടുമ്പാശേരിയിലെത്തി.
വിമുക്തഭടനായ ആല്‍ബര്‍ട്ട് അഗസ്റ്റിന്‍ (48) ആറു മാസമായി ഒരു കമ്പനിയുടെ സെക്യൂരിറ്റി മാനേജരായി സുഡാനില്‍ ജോലി ചെയ്തുവരികയായിരുന്നു. ആല്‍ബര്‍ട്ടിന് താമസിക്കുന്ന ഫ്‌ളാറ്റിന്റെ ജനലിലൂടെയാണു വെടിയേറ്റത്. അതിനു രണ്ടാഴ്ച മുന്‍പ് സുഡാനിലെത്തിയ ഭാര്യ സൈബല്ലയും മകള്‍ മരീറ്റയുമൊത്തു നാട്ടിലേക്കു മടങ്ങാനിരിക്കെയായിരുന്നു ദുരന്തം. മകന്‍ ഓസ്റ്റിന്‍ കാനഡയിലാണ്.