KeralaNEWS

ആര്‍ഡിഎക്സില്‍ താന്‍ തന്നെയായിരിക്കണം നായകന്‍; ഷെയ്ന്‍ അയച്ച വിവാദ കത്ത് പുറത്ത്

കൊച്ചി: സിനിമാ സെറ്റില്‍ അച്ചടക്കമില്ലാതെ പെരുമാറിയതിനെ തുടര്‍ന്ന് നടന്‍മാരായ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരുവര്‍ക്കുമെതിരേ ഒട്ടേറെ പരാതികളാണ് ഫെഫ്കയിലും നിര്‍മാതാക്കളുടെ സംഘടനകളിലും ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു നടപടി. ഷെയ്ന്‍ നിഗം പുതിയ സിനിമയുടെ ഷൂട്ടിങ് പകുതിയിലെത്തിയപ്പോള്‍ എഡിറ്റ് ചെയ്ത രൂപം കാണണമെന്ന് ആവശ്യപ്പെടുകയും തനിക്ക് കൂടുതല്‍ പ്രാധാന്യം വേണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്നതിന്റെ തെളിവുകള്‍ ഉള്‍പ്പെടെ പരാതിലഭിച്ചിട്ടുണ്ട്.

അതേസമയം, ആര്‍.ഡി.എക്സ് സിനിമയുടെ നിര്‍മാതാവ് സോഫിയ പോളിന് ഷെയ്ന്‍ അയച്ച വിവാദ കത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ആര്‍.ഡി.എക്സ് സിനിമയില്‍ തന്റെ കഥാപാത്രത്തിന് കൂടുതല്‍ പ്രധാന്യം നല്‍കണമെന്നാണ് ഷെയിനിന്റെ നിബന്ധന. ചിത്രത്തില്‍ ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Signature-ad

വാഗ്ദാനം ചെയ്തത് പോലെ തന്റെ കഥാപാത്രത്തിന് സിനിമയില്‍ പ്രധാന്യം ലഭിക്കുന്നില്ല. സിനിമയില്‍ താന്‍ തന്നെയായിരിക്കണം നായകന്‍. മാര്‍ക്കറ്റിങ്ങിലും ബ്രാന്‍ഡിങ്ങിലും തന്നെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കണം. സിനിമയുടെ എഡിറ്റിങ്ങിലും തനിക്ക് പ്രധാന്യം നല്‍കണം. ടീസറിലും പോസ്റ്ററിലും തനിക്ക് തന്നെ പ്രധാന്യം നല്‍കണം. ജനങ്ങള്‍ക്ക് താനാണ് നായകനെന്ന് തോന്നണം- ഇതാണ് കത്തിന്റെ ഉള്ളടക്കം.

നിര്‍മാതാക്കളുമായി കരാര്‍ ഒപ്പിടാത്ത നടീനടന്മാരുമായി സഹകരിക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിലര്‍ ഒരിടത്തും അംഗത്വമെടുക്കാതെ സംഘടനയെ വെല്ലുവിളിക്കുകയാണ്. നിയമപരമായ സുരക്ഷിതത്വത്തിനുവേണ്ടി അമ്മയിലെ അംഗത്വ നമ്പര്‍ നിര്‍ബന്ധമാക്കുമെന്ന് അവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, താരസംഘടനയായ ‘അമ്മ’, സാങ്കേതികവിദഗ്ധരുടെ കൂട്ടായ്മയായ ‘ഫെഫ്ക’ എന്നിവരുടെ സംയുക്തയോഗത്തിലായിരുന്നു തീരുമാനം.

ശ്രീനാഥ് ഭാസിക്കെതിരേയും ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. അദ്ദേഹം ഒരേസമയം പലരുടെയും സിനിമയ്ക്ക് ഡേറ്റ് നല്‍കുകയാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കരാര്‍ തന്നെ കുരുക്കാനാണെന്നാണ് ശ്രീനാഥ് പറയുന്നത്. ശ്രീനാഥ് ഭാസി സമയത്തിന് ഷൂട്ടിങ് സെറ്റിലെത്തില്ല, വിളിച്ചാല്‍ ഫോണെടുക്കുകയില്ല. ശ്രീനാഥ് ഏതെല്ലാം സിനിമകള്‍ക്കാണ് ഡേറ്റ് കൊടുത്തിരിക്കുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

 

Back to top button
error: