IndiaNEWS

മദ്നിക്കു സുപ്രീം കോടതി ജാമ്യം നൽകി, പക്ഷേ വീട്ടിൽ പോകാനാവാത്ത സ്ഥിതി: മദ്നിയുടെ കേരള യാത്രക്ക് 60 ലക്ഷം അടയ്ക്കണമെന്ന് കര്‍ണാടക പൊലീസ്, നിര്‍വാഹമില്ലെന്ന് കുടുംബം, യാത്ര വേണ്ടെന്നു വയ്ക്കുന്നതായി മദ്നി

    പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദ്നിയെ കുരുക്കിലാക്കി കർണാടക പൊലീസ്, കേരളത്തിലേക്കുള്ള യാത്രയില്‍ മദ്നിക്ക് സുരക്ഷയൊരുക്കാനായി അനുഗമിക്കുന്ന പോലീസുകാര്‍ക്കുള്ള ശമ്പളമായി 60 ലക്ഷം രൂപ ചിലവ് വരും.  പുറമെ പോലീസുകാരുടെ താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള ചിലവുകള്‍ കൂടി മദ്നി വഹിക്കണമെന്നാണ് ഇന്നലെ പൊലീസ് അറിയിച്ചത്.

അതോടെ, പോലീസുകാര്‍ക്കായുള്ള ചിലവ് ഒരു കോടിയിലപ്പുറമാകും. ഈ സാഹചര്യത്തില്‍ യാത്ര തന്നെ വേണ്ടെന്നു വെക്കേണ്ട അവസ്ഥയാണെന്ന് അബ്ദുന്നാസര്‍ മദ്നി ശബ്ദ സന്ദേശത്തില്‍ അറിയിച്ചു.

Signature-ad

ഇത്രയും തുക വഹിക്കാന്‍ നിര്‍വാഹമില്ലെന്നും. തുടര്‍നീക്കം സുപ്രീംകോടതി അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും മദ്നിയുടെ കുടുംബവും വ്യക്തമാക്കി.

20 പൊലീസ് ഉദ്യോഗസ്ഥര്‍ മദ്നിക്കൊപ്പം പോകുന്നതിനാണ് 60 ലക്ഷം രൂപ അടക്കണം എന്ന് കര്‍ണാടക പൊലീസ് പറയുന്നത്. ഇവരുടെ താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താല്‍ ചിലവ് ഒരു കോടിയോളം വരും.

കേരളത്തില്‍ മദ്നി താമസിക്കുന്ന സ്ഥലം, കാണാന്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ്, അന്‍വാര്‍ശേരിയില്‍ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷന്‍, ഗൂഗിള്‍ മാപ് തുടങ്ങിയ രേഖകളാണ് പൊലീസ് ആവശ്യപ്പെട്ടത്. ആശുപത്രിയില്‍ പോകാന്‍  അനുവദിക്കില്ല, റോഡ് മാര്‍ഗം മാത്രമേ കേരളത്തിലേക്ക് പോവാന്‍ പറ്റൂ തുടങ്ങിയ നിബന്ധനകളും പൊലീസ് പറഞ്ഞിരുന്നുവെന്ന് മദ്നി ശബ്ദ സന്ദേശത്തില്‍ പറഞ്ഞു. ഒരാഴ്ചക്ക് ശേഷമാണ് അകമ്പടി അപേക്ഷയില്‍ പൊലീസ് മറുപടി നല്‍കിയിരിക്കുന്നത്.

ഏപ്രില്‍ 20-ന് കര്‍ണാടക പൊലീസ് മദ്നിയുടെ വീട്ടിലും അന്‍വാര്‍ശേരിയിലും പരിശോധന നടത്തിയിരുന്നു. മദ്നി കേരളത്തിലേക്ക് വരുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണം സംബന്ധിച്ചായിരുന്നു പരിശോധന. കര്‍ണാടക ഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്‍വാര്‍ശേരിയിലെത്തിയത്.

മദ്നിയുടെ വീട്, പിതാവ് താമസിക്കുന്ന കുടുംബ വീടായ തോട്ടുവാല്‍ മന്‍സില്‍, മാതാവിന്റെ ഖബറിടം, എന്നിവിടങ്ങളിലെത്തിയും പൊലീസ് സുരക്ഷ വിലയിരുത്തി. തുടര്‍ന്ന് മദ്നിയുടെ എറണാകുളത്തുള്ള വീട് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വിശദാംശങ്ങള്‍ തേടുകയും ചെയ്തു

Back to top button
error: