KeralaNEWS

തിരുവനന്തപുരം യാത്രയില്‍ ഗവർണറെ കൈവിടാതെ പ്രധാനമന്ത്രി

തിരുവനന്തപുരം: കൊച്ചിയിൽ പ്രധാനമന്ത്രി‌യെ സ്വീകരിക്കാൻ എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിട്ടത് ഏറെ ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു.പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ കൂട്ടത്തിൽ ഗവർണറുടെ പേരും കേരള സർക്കാർ ഉൾപ്പെടുത്തിയിരുന്നു.എന്നാൽ കേന്ദ്രം പേര് വെട്ടുകയായിരുന്നു.ഔദ്യോഗിക പരിപാടി അല്ലെന്നായിരുന്നു ഇതിന് കേന്ദ്രം നൽകിയ വിശദീകരണം.
 
സംസ്ഥാന സർക്കാരുമായി നിരന്തരം പോരാട്ടത്തിലേർപ്പെട്ടിടും വിജയം നേടാനാവാതെ പോയതിൽ പ്രധാനമന്ത്രിക്കും ബിജെപിയ്ക്കുമുള്ള അതൃപ്തിയാണ് ഇതിന് പിന്നിലെന്ന് രീതിയിൽ വരെ കാര്യങ്ങൾ എത്തിയിരുന്നു.എന്നാൽ തിരുവനന്തപുരത്ത് കണ്ടത് മറ്റൊരു കാഴ്ചയായിരുന്നു.
 

തിരുവനന്തപുരം വിമാനത്താവളത്തില്‍ തന്നെ സ്വീകരിക്കാനെത്തിയ ഗവര്‍ണറെ മോഡി കൈ പിടിച്ച്‌ സ്വന്തം കാറിലേക്ക് കൊണ്ടുപോവുകയായിരുന്നു.കറുത്ത ഫോര്‍ച്യൂണര്‍ കാറിന്റെ മുന്‍സീറ്റില്‍ പ്രധാനമന്ത്രിയും പിന്‍ സീറ്റില്‍ വലതുവശത്തായി ഗവര്‍ണറും ഇരുന്നു. വിമാനത്താവളത്തില്‍ നിന്ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള യാത്രയിലും അവിടെ വന്ദേഭാരത് ഉദ്ഘാടനത്തിനു ശേഷം സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കുള്ള യാത്രയിലും പ്രധാനമന്ത്രിക്കൊപ്പമായിരുന്നു ഗവര്‍ണറുടെ യാത്ര.
പിന്നീട് പരിപാടികളെല്ലാം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്കുള്ള മടക്കയാത്രയിലും മോഡി ഗവര്‍ണറെ കാറില്‍ ഒപ്പം കൊണ്ടുപോയി.ഗവര്‍ണറുടെ കാര്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം എല്ലായിടത്തും കാലിയായി സഞ്ചരിച്ചു.പ്രധാനമന്ത്രിയുടെ കാറിലിരുന്ന് ഗവര്‍ണര്‍ ജനക്കൂട്ടത്തെ കൈവീശിക്കാട്ടി എല്ലാവരുടെയും സംശയത്തിനുള്ള മറുപടിയും കൊടുക്കുന്നുണ്ടായിരുന്നു.
അടുത്തവര്‍ഷം കാലാവധി തീരുന്ന ആരിഫിനെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിർത്തി മത്സരിപ്പിക്കാന്‍ നീക്കമുണ്ടെന്നാണ് ചില ബിജെപി നേതാക്കള്‍ നൽകുന്ന സൂചന.ക്രൈസ്തവർക്കൊപ്പം കേരളത്തിൽ മുസ്ലീം പിന്തുണ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണത്രെ ഇത്.

Back to top button
error: