അഹമ്മദാബാദ്: ഷോപ്പിംഗ് മാളിൽ ഗെയിം കളിക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. തിങ്കളാഴ്ച രാത്രി ജുഹാപുരയിലെ ഐസ് ഫാക്ടറിക്ക് സമീപമുള്ള മാളിലാണ് സംഭവം. ഡാനിലിംഡയിൽ നിന്നുള്ള കൈഫ് ഷെയ്ഖ് എന്ന 20കാരനാണ് കൊല്ലപ്പെട്ടത്. ഗെയിമിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് വാസ്‌ന പൊലീസ് പറയുന്നത്.
മൂന്നോ നാലോ പേർ ചേർന്ന് യുവാവിനെ പിടിച്ചുവച്ച് മർദ്ദിച്ചു. പിന്നാലെ അവരിൽ ഒരാൾ യുവാവിന്റെ വയറ്റിൽ ഒന്നിലധികം തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മാളിലുണ്ടായിരുന്നവർ ഓടിക്കൂടി യുവാവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ, പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. മാളിലെ സെക്യൂരിറ്റി ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.
കൊലപാതകക്കുറ്റം ചുമത്തി ഇവരെ അറസ്റ്റ് ചെയ്തതായി പിന്നീട് പൊലീസ് അറിയിച്ചു. എസി മെക്കാനിക് ആയി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട യുവാവ്. പ്രതികൾ കത്തിയുമായാണ് മാളിലേക്ക് എത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രവേശനകവാടത്തിൽ സുരക്ഷാ പരിശോധന ഉണ്ടായിരുന്നില്ല. മാളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാവീഴ്ചയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇക്കാര്യവും അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.