ശരീരത്തിലെ പോഷകങ്ങളുടെ അഭാവം അകറ്റാനും ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും ചെറുപയർ അത്യുത്തമം
മലയാളികളുടെ ഭക്ഷണത്തിൽ ചെറുപയറിന് വലിയ പ്രാധാന്യമുണ്ട്.തോരനായും കറിയാക്കിയും പലഹാരത്തിലുമെല്ലാം നാം ചെറുപയർ ഉപയോഗിക്കുന്നു.പച്ചക്കറികളെ അപേക്ഷിച്ച് ദീർഘനാളത്തേക്ക് കേടുകൂടാതെ ഇരിക്കും എന്ന സവിശേഷതയും ചെറുപയറിനുണ്ട്.
ചെറുപയറിന്റെ ആരോഗ്യഗുണങ്ങൾ
ചർമസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം ചെറുപയർ ഉപയോഗിക്കുന്നുണ്ട്. അതുപോലെ പ്രോട്ടീന്റെ കലവറയായ ചെറുപയര്‍ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താനും ദഹന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ചെറുപയർ പുഴുങ്ങി കഴിക്കുന്നതും മുളപ്പിച്ച് കഴിക്കുന്നതും ശാരീരികാരോഗ്യത്തിന് ഫലം ചെയ്യും.
മെലിഞ്ഞവര്‍ക്കും തടിച്ചവര്‍ക്കും ചെറുപയര്‍ ഒരുപോലെ ഫലപ്രദമാണ്. ശരീരത്തിലെ പോഷകങ്ങളുടെ അഭാവം അകറ്റാനും ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും ചെറുപയർ സ്ഥിരമായി കഴിക്കാവുന്നതാണ്.
കൊഴുപ്പ് കൂട്ടാതെയും ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് അമിതമായ ഭാരം കൊടുക്കാതെയും ചെറുപയർ ശരീരത്തിൽ പ്രവർത്തിക്കുന്നു. അതിനാൽ തന്നെ അമിതവണ്ണം, പ്രമേഹം എന്നീ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ആകട്ടെ ചെറുപയർ പത്ഥ്യ ഭക്ഷണമായി ഉപയോഗിക്കാം.
കണ്ണിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും ചെറുപയർ കഴിയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇതിന് പുറമെ, ഇന്ന് മൈക്രോ ഗ്രീൻസ് കൃഷിക്ക് കൂടുതൽ ഉപയോഗിക്കുന്നതും ഈ ഭക്ഷ്യവസ്തുവിനെയാണ്.
ഇങ്ങനെ ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള ചെറുപയർ കേടായാലും വെറുതെ കളയണ്ട. അതായത്, ചെറുപയർ ചീത്തയായാൽ അവ നല്ല ഒന്നാന്തരം വളമാക്കാം.
ചെറുപയർ എങ്ങനെ വളമാക്കി മാറ്റാം
റേഷൻ കടയിൽ നിന്നും മാവേലി സ്റ്റോറിൽ നിന്നുമെല്ലാം ചെറുപയർ വാങ്ങി നമ്മൾ വീട്ടിൽ സംഭരിച്ചുവക്കാറുണ്ട്. ചിലപ്പോൾ ഇവ പല വിഭവങ്ങളാക്കുമെങ്കിലും ഉപയോഗിക്കാതെ കേടായിപ്പോകുന്ന സാഹചര്യവുമുണ്ടാകാറില്ലേ?
ഇങ്ങനെ ചീത്തയായ പയർ നമ്മുടെ അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം പച്ചക്കറികൾ നട്ടുവളർത്തുന്നുണ്ടെങ്കിൽ അവയ്ക്ക് വളമാക്കി പ്രയോഗിക്കാം.
ചെടികൾ നന്നായി തഴച്ചുവളരാൻ ചെറുപയർ പ്രയോജനപ്പെടും.
കേടായ ചെറുപയർ പൊടിച്ചു ചെടികളുടെ ചുവട്ടിൽ ഇട്ടുകൊടുക്കാം.അല്ലെങ്കിൽ ഇവ പുളിച്ച കഞ്ഞിവെള്ളത്തിൽ ചേർത്തും വളമായി ഉപയോഗിക്കാവുന്നതാണ്. ഇതിനായി കുറച്ച് ചെറുപയർ പൊടിച്ചെടുത്ത് ഇതിലേക്ക് ഒരു ഗ്ലാസ് കഞ്ഞിവെള്ളം ഒഴിക്കുക. ഇതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് ഇളക്കിയ ശേഷം ചെടികൾക്ക് ഒഴിച്ചു കൊടുക്കാം.നല്ലൊന്താരം വളമാണിത്.പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ.