തിരുവനന്തപുരം: യുപിഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ്. ഫെയ്സ്ബുക്കിലൂടെ പോലീസ് ഈ കാര്യം വ്യക്തമാക്കി. യുപിഐ ഇടപാടുകൾ നടത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് ബാങ്കുകൾക്ക് കേരള പോലീസ് നിർദേശം നൽകിയിട്ടില്ല. സൈബർ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബർ ക്രൈം പോർട്ടലിലും കാൾ സെന്റർ നമ്പറായ 1930ലും രജിസ്റ്റർ ചെയ്യുന്ന പരാതിയിന്മേൽ തുടർനടപടികൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായി, പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുകൾക്ക് സാധാരണയായി പോലീസ് നിർദ്ദേശം നൽകാറുള്ളത്.
തുക കൈമാറ്റം നടന്നതായി പരാതിയിൽ പരാമർശിച്ചിട്ടുള്ള അക്കൗണ്ട് നമ്പരിൽ നിന്നും നഷ്ടപ്പെട്ട തുക തിരികെ പിടിക്കുന്നതിനാണ് ഇപ്രകാരം ചെയ്യുന്നത്. അക്കൗണ്ട് പൂർണമായി മരവിപ്പിക്കാൻ കേരള പോലീസ് നിർദേശിച്ചിട്ടില്ല. എന്നാൽ തട്ടിപ്പ് നടത്താനായി സ്ഥിരം ഉപയോഗിക്കുന്ന അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകാറുണ്ട്. അക്കൗണ്ടുകൾ മരവിപ്പിത് സംബന്ധിച്ച പരാതിയുണ്ടെങ്കിൽ 1930 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്. ദേശീയ പോർട്ടലിലെ പരാതിയിന്മേൽ ചില സംസ്ഥാനങ്ങൾ അക്കൗണ്ടുകളിന്മേൽ നിയന്ത്രണം ഏർപ്പെടുത്താൻ ബാങ്കുകളോട് നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം