മുംബൈ: ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സ്‌റ്റോർ മുംബൈയിലെ ബികെസി ബിസിനസ് ഡിസ്ട്രിക്ടിൽ പ്രവർത്തനമാരംഭിക്കും. ഇതിന്റെ ഭാഗമായി ആപ്പിൾ മേധാവി ടിം കുക്ക് മുംബൈയിൽ എത്തുമെന്നാണ് വിവരം. കമ്പനി ഇന്ത്യയിൽ 25 വർഷക്കാലം പൂർത്തിയാകുന്നതിന്റെ ഭാഗമായാണ് ഔദ്യോഗിക സ്‌റ്റോർ ആരംഭിക്കുന്നത്.
20,000 ചതുരശ്ര അടി വ്യാപിച്ചുകിടക്കുന്ന സ്റ്റോർ ആണിത്. പ്രതിമാസം 42 ലക്ഷം രൂപയാണ് ഈ കെട്ടിടത്തിന് ആപ്പിൾ നൽകേണ്ട വാടക. 18 ഓളം ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന 100 പേരടങ്ങുന്ന ടീം ആയിരിക്കും ആപ്പിൾ സ്റ്റോറിലുണ്ടാവുക. മുംബൈയിൽ സ്‌റ്റോർ തുറക്കുന്നതിന് പിന്നാലെ ഏപ്രിൽ 20 ന് ഡൽഹിയിലും ആപ്പിൾ സ്റ്റോർ തുറക്കും. ഇന്ത്യയിലെത്തുന്ന ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആപ്പിളിനെ സംബന്ധിച്ചിടത്തോളം വലിയൊരു വിപണിയാണ് ഇന്ത്യ. സമീപകാലത്തായി കമ്പനിയുടെ പ്രധാന ഐഫോണുകളുടെയെല്ലാം നിർമാണം ഇന്ത്യയിലെ നിർമാണ ശാലകളിലേക്ക് കമ്പനി മാറ്റിയിരുന്നു. 2019 മുതൽ തന്നെ മുംബൈയിൽ റീട്ടെയിൽ സ്‌റ്റോർ ആരംഭിക്കാൻ ആപ്പിളിന് പദ്ധതിയുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.