ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് വേണ്ടി ഹാജരാകുന്ന മുംബൈയിലെ പ്രമുഖ അഭിഭാഷക സന റഈസ് ഖാന്‍ ആണ് പള്‍സര്‍ സുനിക്ക് വേണ്ടി ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായത്.
കേസിന്റെ വിചാരണ ഉടന്‍ പൂര്‍ത്തിയാകാന്‍ ഇടയില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണെമെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം. അതേസമയം, കേസിലെ അതിജീവിതയുടെ മൊഴി വായിച്ചിട്ടുണ്ടെന്നും സുനിക്ക് ജാമ്യത്തിന് അര്‍ഹത ഇല്ലെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി നേരത്തെ പരിഗണിച്ചപ്പോഴും ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ഇതേ നിലപാടാണ് സ്വീകരിച്ചത്.
കേസിലെ വിചാരണ അനന്തമായി നീണ്ടുപോവുകയാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായ സന റഈസ് ഖാന്‍, ശ്രീറാം പറക്കാട്, എം.എസ് വിഷ്ണു ശങ്കര്‍ എന്നിവരുടെ വാദം. ഷീന ബോറ കേസില്‍ ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞ ഇന്ദ്രാണി മുഖര്‍ജിക്ക് സുപ്രീം കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചത് സന റഈസ് ഖാന്‍ ഹാജരായപ്പോളായിരുന്നു. കോളിളക്കം സൃഷ്ടിച്ച ക്രിമിനല്‍ കേസുകളില്‍ ഹാജരാകുന്ന പ്രമുഖ അഭിഭാഷകയാണ് സന റഈസ് ഖാന്‍.