KeralaNEWS

വന്ദേഭാരത് എക്‌സ്പ്രസ് സില്‍വര്‍ലൈനിന് ബദലാവില്ല; പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നത് കേന്ദ്രത്തിന്റെ ഔദാര്യമല്ല, മലയാളികളുടെ അവകാശമാണ്: മുഹമ്മദ് റിയാസ്

കണ്ണൂർ: കേരളത്തിനു പുതുതായി അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസ് സിൽവർലൈനിന് ബദലാവില്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പുതിയ ട്രെയിനുകൾ അനുവദിക്കുന്നത് കേന്ദ്രത്തിന്റെ ഔദാര്യമല്ല, മലയാളികളുടെ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. ധർമടം മണ്ഡലത്തിലെ കാടാച്ചിറ ടൗൺ സൗന്ദര്യവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

‘ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർ ഏറ്റവുമധികമുള്ള കേരളമാണ് റെയിൽവേയ്ക്ക് കൂടുതൽ വരുമാനം നൽകുന്ന സംസ്ഥാനം. എന്നാൽ ഇവിടെയുള്ള ട്രെയിനുകൾ മിക്കതും പഴയതാണ്. ആധുനിക സൗകര്യങ്ങളുള്ള ട്രെയിനുകൾ അനുവദിക്കേണ്ടത് കേന്ദ്രത്തിന്റെ കടമയാണ്. പുതിയ ബോഗികളുള്ള ട്രെയിനുകൾ നമുക്കു കിട്ടിയിരുന്നില്ല. എന്നാൽ ആധുനിക ബോഗികളുള്ള ട്രെയിനാണ് വന്ദേഭാരത് എക്‌സ്പ്രസ്. എത്രയോ കാലത്തിനുശേഷം ഇത്തരമൊരു ട്രെയിൻ അനുവദിച്ചത് സന്തോഷമുള്ള കാര്യമാണ്. വന്ദേഭാരത്, സിൽവർലൈനിന് പകരമാണോ? അല്ല. വന്ദേഭാരത് വന്നതിൽ ആത്മാർഥമായി സന്തോഷിക്കുന്നവർക്ക് ഒപ്പമാണ് നമ്മളെല്ലാവരും.

Signature-ad

എന്നാൽ, ചിലർ എല്ലാ പ്രശ്നവും ഇതോടെ അവസാനിച്ചു എന്ന തരത്തിൽ കൃത്രിമമായി സന്തോഷം പകർത്താൻ ശ്രമിക്കുന്നുണ്ട്. ജനശതാബ്ദിയുടെയും രാജധാനിയുടെയും വേഗത്തിൽ മാത്രമേ വന്ദേഭാരതിന് ഇപ്പോൾ സഞ്ചരിക്കാനാകൂ. ഉദ്ദേശിച്ചത്ര വേഗത്തിൽ പോകണമെങ്കിൽ നിലവിലുള്ള പാതയിലെ 626 വളവുകൾ നിവർത്തണം. ട്രെയിൻ ഗതാഗതം തടസ്സപ്പെടാതെ പരിഹരിക്കാൻ ശ്രമിച്ചാൽ 10-20 വർഷത്തിനുള്ളിലേ ഇത് സാധ്യമാകൂ. ചെലവ് അതിഭീകരമായി മാറും. 20 മിനിറ്റ് ഇടവിട്ട് സർവീസ് നടത്താനാണ് സിൽവർലൈനിലൂടെ ഉദ്ദേശിക്കുന്നത്. കുറഞ്ഞ സമയംകൊണ്ട് സിൽവർലൈനിൽ കേരളത്തിന്റെ ഒരറ്റത്തുനിന്നു മറ്റൊരറ്റത്ത് എത്താം-‘ മുഹമ്മദ് റിയാസ് പറഞ്ഞു.

Back to top button
error: