ദില്ലി: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ 26കാരനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഗുഡ്ഗാവിലെ വൻകിട കമ്പനിയിൽ എച്ച്ആർ പ്രൊഫഷണലായി ജോലി ചെയ്തിരുന്ന 26 കാരൻ വിശാലിനെയാണ് അറസ്റ്റ് ചെയ്തത്. വിലയേറിയ കാറും വീടുമെല്ലാം കാണിച്ച് ഇയാൾ യുവതികളുടെ വിശ്വാസം ആർജിക്കും. പിന്നീട് എന്തെങ്കിലും കാരണം പറഞ്ഞ് പണം വാങ്ങും. പിന്നീട് ഇവരുമായുള്ള ബന്ധമെല്ലാം വിച്ഛേദിക്കുമെന്നും പൊലീസ് പറഞ്ഞു. വിശാൽ ബിസിഎ, എംബിഎ പൂർത്തിയാക്കിയ ആളാണെന്നും പൊലീസ് പറഞ്ഞു.
മാട്രിമോണി സൈറ്റിൽ സ്ത്രീകളുടെ സുഹൃത്തായി മാറുകയും പണക്കാരനായ ബാച്ചിലറായി സ്വയം നടിക്കുകയും ചെയ്യും. യുവതികളെ ആകർഷിക്കാൻ വിലകൂടിയ കാറുകൾ ഉപയോഗിക്കും. കുറഞ്ഞ നിരക്കിൽ ഐഫോണുകൾ വാഗ്ദാനം ചെയ്താണ് പലരെയും കബളിപ്പിച്ചത്. പണത്തിനും ആഡംബര ജീവിതം നയിക്കാനുമാണ് തട്ടിപ്പ് നടത്തിയതെന്നും നോർത്ത് വെസ്റ്റ് ഡിസിപി ജിതേന്ദ്ര കുമാർ മീണ പറഞ്ഞു.
ഗുഡ്ഗാവിലെ എംഎൻസിയിൽ ജോലി ചെയ്യുന്ന 26 കാരിയുടെ പരാതിയെ തുടർന്നാണ് അന്വേഷണം നടത്തിയത്. മാതാപിതാക്കൾ മാട്രിമോണിയൽ സൈറ്റിൽ തന്റെ പ്രൊഫൈൽ ഉണ്ടാക്കിയെന്നും അതുവഴിയാണ് യുവാവിനെ പരിചയപ്പെട്ടതെന്നും യുവതി പറഞ്ഞു. അനുയോജ്യമായ ഒരു പൊരുത്തത്തിനായി തിരയുകയാണെന്നും അവർ പറഞ്ഞു. പ്രതിവർഷം 50-70 ലക്ഷം രൂപ വരുമാനമുണ്ടെന്ന് ഇയാൾ വിശ്വസിപ്പിച്ചു. പിന്നീട് സോഷ്യൽമീഡിയ വഴി ചാറ്റിങ് തുടങ്ങി. ഗുഡ്ഗാവിലെ തന്റെ സ്വത്തായി ചില വില്ലകളും ഫാം ഹൗസുകളും കാണിച്ചു. ഇതിനിടെ കുറഞ്ഞ നിരക്കിൽ ഐഫോൺ 14 പ്രോ മാക്‌സ് വാഗ്ദാനം ചെയ്തു.
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഐഫോണുകൾ വാങ്ങാനും ഇയാൾ യുവതിയെ പ്രേരിപ്പിച്ചു. ഫോൺ വാങ്ങാനായി 3,05,799 രൂപ ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. ഇതിന് ശേഷം താൻ അപകടത്തിൽ പെട്ടെന്നും ജയ്പൂരിലെ ആശുപത്രിയിലാണെന്നും ഇയാൾ പറഞ്ഞു. പിന്നീട് ഫോൺ കോളുകൾക്ക് പ്രതികരിക്കാതായി. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. വിശാൽ, 2021-ൽ ജോലി ഉപേക്ഷിച്ച് ഗുഡ്ഗാവിൽ ഒരു റസ്റ്റോറന്റ് തുറന്നെങ്കിലും വിജയിച്ചില്ലെന്നും പൊലീസ് പറഞ്ഞു. സ്ത്രീകളെ കണ്ടുമുട്ടുമ്പോൾ അവരെ വിശ്വസിപ്പിക്കാനായി ദിവസം 2,500 രൂപയ്ക്ക് ആഡംബര കാറുകൾ ഇയാൾ വാടകക്കെടുക്കുമായിരുന്നെന്നും പൊലീസ് പറഞ്ഞു.