കോഴിക്കോട്: മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി മുത്തപ്പൻപുഴ പുളിക്കൽ വീട്ടിൽ സെബാസ്‌റ്റൈൻ (76) ആണ് മരിച്ചത്. മകൻ അഭിലാഷിന്റെ മർദ്ദനമേറ്റ് സെബാസ്റ്റ്യനും ഭാര്യ മേരിയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഭിലാഷിനെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തിരുന്നു. മാർച്ച് 31 നായിരുന്നു മദ്യപിച്ച് എത്തിയ അഭിലാഷ് മാതാപിതാക്കളെ മർദ്ദിച്ചത്.
മകൻ അഭിലാഷ് ആണ് തന്നെ മർദിച്ചത് എന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. തിരുവമ്പാടി പാലിയേറ്റീവ് കെയറിന് കീഴിലുള്ള കുടുംബമാണ് ഇവരുടേത്. ദമ്പതികൾ അവശനിലയിൽ ആണെന്ന നാട്ടുകാരുടെ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പാലിയേറ്റീവ് പ്രവർത്തകരും ഗ്രാമ പഞ്ചായത്തധികൃതരും ജനമൈത്രി പോലീസും സ്ഥലത്തെത്തി ദമ്പതികളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. തുടർന്ന് ഏപ്രിൽ രണ്ടിനാണ് സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.