തൃശൂര്‍: കശാപ്പിന് കൊണ്ടുപോയ പന്നികളില്‍ ഒന്ന് ചാടിപ്പോയത് പരിഭ്രാന്തി പരത്തി. വടക്കാഞ്ചേരി പുഴപ്പാലത്തിനു സമീപത്തു വാഹനത്തില്‍ നിന്നാണ് പന്നി ചാടിയത്. വിഷു വിപണികള്‍ ആരംഭിച്ചതിനാല്‍ കാല്‍നടയാത്രികരുടെ നല്ല തിരക്കു നഗരവീഥിയില്‍ ഉണ്ടായിരുന്നു.
കറുത്ത നിറത്തിലുള്ള പന്നി ആയതിനാല്‍ കാട്ടുപന്നി ആയിരിക്കുമെന്നാണ് ആളുകള്‍ ആദ്യം കരുതിയത്.
പന്നിയുടെ വരവ് കണ്ട കാല്‍നടയാത്രികരില്‍ പലരും ചിതറിയോടി. പന്നി നഷ്ടപെട്ട വിവരം മനസിലാക്കി ഉടമകള്‍ എത്തിയതോടെയാണ് വളര്‍ത്തു പന്നിയാണെന്ന കാര്യം ആളുകള്‍ക്ക് മനസിലായത്. പന്നി റോഡില്‍ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ചിരുന്നതിനാല്‍ ഏറെ നേരം നഗരത്തില്‍ ഗതാഗതക്കുരുക്കും നേരിട്ടു.
അര മണിക്കൂറിലധികം നേരത്തെ പരിശ്രത്തിനൊടുവില്‍ പന്നിയെ കയറില്‍ ബന്ധിച്ച് വാഹനത്തില്‍ കയറ്റിയതോടെയാണ് രംഗം ശാന്തമായത്. ചേലക്കര ഭാഗത്തുള്ള ഫാമില്‍നിന്നു തൃശൂരിലെ കശാപ്പ് ശാലയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ രാവിലെ 11.30 നായിരുന്നു സംഭവം.