ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയത് കാമുകനൊപ്പം ജീവിക്കാനെന്ന് മരുമകളുടെ മൊഴി. തിങ്കളാഴ്ച രാവിലെയാണ് രാധേശ്യാം വര്‍മ, ഭാര്യ വീണ എന്നിവരെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപാതകം ആസൂത്രണം ചെയ്ത് വേണ്ട സഹായങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട് മരുമകള്‍ മോണിക്കയെ അറസ്റ്റ് ചെയ്തിരുന്നു. മോണിക്കയുടെ കാമുകന് ആശിഷും കൂട്ടാളിയും ചേര്‍ന്നാണു കൊലപാതകം നടത്തിയതെന്നു പോലീസ് അറിയിച്ചു.
മോണിക്കയും ഗാസിയാബാദ് സ്വദേശി ആശിഷും തമ്മിലുള്ള ബന്ധം ഭര്‍ത്താവ് രവിക്കും മാതാപിതാക്കള്‍ക്കും അറിയാമായിരുന്നു. അതിനാല്‍, മോണിക്കയ്ക്ക് വീട്ടില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ പ്രകോപിതയായാണ് കൊലപാതകം ആസൂത്രണം ചെയ്തത്. എന്നാല്‍, ഒരു കോടിയോളം രൂപ വില വരുന്ന വസ്തു വില്ക്കാന് തീരുമാനിച്ചതാണ് കൃത്യം വേഗത്തിലാക്കാന്‍ പ്രകോപിപ്പിച്ചതെന്നും മോണിക്ക മൊഴി നല്കി.
വീട് വിറ്റ് പണം ഒറ്റയ്ക്ക് കൈപ്പറ്റി ആശിഷുമൊത്ത് ജീവിക്കാനാണ് മോണിക്ക പദ്ധതിയിട്ടത്. സംഭവദിവസം ഭര്‍തൃപിതാവ് കടയിലേക്കു പോയ സമയത്ത് ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും തന്ത്രപൂര്‍വം മാര്‍ക്കറ്റിലേക്കയച്ച ശേഷം ആശിഷിനെയും സുഹൃത്തിനെയും വീടിന്റെ ടെറസില്‍ ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെയോടെ ആശിഷും സുഹൃത്തും താഴത്തെ നിലയിലുള്ള വയോധിക ദമ്പതികളുടെ വീടിനുള്ളില്‍ കടന്നാണ് ഇരട്ടക്കൊലപാതകം നടത്തിയത്. ആശിഷിനെയും സുഹൃത്തിനെയും കണ്ടെത്താന്‍ അന്വേഷണം വ്യാപകമാക്കിയതായും പോലീസ് അറിയിച്ചു.