CrimeNEWS

പരാതി പിന്‍വലിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കും; കിളികൊല്ലൂര്‍ കേസ് അട്ടിമറിക്കാന്‍ പോലീസ്

കൊല്ലം: കിളികൊല്ലൂരില്‍ പോലീസ് സ്റ്റേഷനില്‍ സൈനികനും സഹോദരനും ക്രൂര മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമമെന്ന് ആരോപണം. മര്‍ദ്ദനത്തിനിരയായ സഹോദരങ്ങളെ വീണ്ടും കള്ളക്കേസില്‍ കുടുക്കുമെന്നും പഴയ കേസ് ബലപ്പെടുത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നുമാണ് ഭീഷണിയെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

പോലീസുകാര്‍ക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കുകയാണെങ്കില്‍ കള്ളക്കേസുകള്‍ ഇല്ലാതാക്കാമെന്നും രേഖകള്‍ തിരുത്താമെന്നുമാണ് പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ വാഗ്ദാനം. മാത്രമല്ല, ഇവരുടെ വീടിന് സമീപം കേസില്‍ സസ്‌പെന്‍ഷനിലായ പോലീസുകാരന്‍ പരസ്യമായി മദ്യപിക്കുകയും പണം വെച്ച് ചീട്ടുകളിക്കുന്നതായും ആക്ഷേപമുണ്ട്. പോലീസുകാര്‍ക്കെതിരെയുള്ള വകുപ്പ് തല അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് സഹോദരങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഭീഷണി നേരിടേണ്ടി വരുന്നത്.

Signature-ad

ഒന്‍പത് മാസം മുമ്പാണ് പോലീസ് സേനയ്ക്കാകമാനം നാണക്കേട് ഉണ്ടാകുന്ന സംഭവങ്ങള്‍ കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ അരങ്ങേറിയത്. എംഡിഎംഎ കേസിലെ പ്രതികളെ ജാമ്യം എടുക്കാന്‍ എത്തിയ പേരൂര്‍ സ്വദേശികളായ സൈനികന്‍ വിഷ്ണുവും സഹോദരന്‍ വിഘ്‌നേഷും പോലീസിനെ മര്‍ദ്ദിച്ചുവെന്നാണ് പോലീസിന്റെ ആദ്യ വിശദീകരണമെങ്കിലും 12 ദിവസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ് സഹോദരങ്ങള്‍ പുറത്തിറങ്ങിയതോടെ കഥയിലെ വില്ലന്‍ പോലീസാണെന്ന് മാധ്യമങ്ങളിലൂടെ ജനങ്ങളറിഞ്ഞു. പിന്നാലെ കുറ്റക്കാരായ പോലീസുകാരെ സസ്‌പെന്‍ഷനിലാക്കുകയും ഇവര്‍ക്കെതിരെയുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയും ആയിരുന്നു.

നടപടികള്‍ തുടങ്ങിയിട്ട് ആറ് മാസം പിന്നിടുമ്പോഴും പോലീസുകാര്‍ക്കെതിരെയുള്ള അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ഇതിനിടെയാണ് പോലീസ് ഭീഷണിയും കേസിലെ പ്രതിയായ മണികണ്ഠന്‍ എന്ന പോലീസുകാരന്റെ ഭീഷണിയുയര്‍ത്തും വിധമുള്ള പരസ്യമായ മദ്യപാനവും പണം വെച്ചുള്ള ചീട്ടുകളിയും കുടുംബത്തിന് ആശങ്കയുണ്ടാക്കുന്നത്. സാധാരക്കാരായ ജനങ്ങളാണ് ഇത് ചെയ്യുന്നതെങ്കില്‍ പോലീസ് അവരെ പിടികൂടിയേനെയെന്നും എന്നാല്‍ പ്രതിസ്ഥാനത്ത് പോലീസായതിനാല്‍ പോലീസ് മൗനം പാലിക്കുകയാണെന്നും വിഘ്‌നേഷ് പറയുന്നു.

സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ അമര്‍ച്ച ചെയ്യണമെന്നും മറ്റൊരു അന്വേഷണ ഏജന്‍സിയെ കേസ് ഏല്‍പ്പിച്ച് അന്വേഷണം വേഗത്തിലാക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. അന്വേഷണ ഏജന്‍സിയെ മാറ്റുന്ന കാര്യം ചീഫ് സെക്രട്ടറിയോട് സൈന്യം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിലപാട് അറിഞ്ഞ ശേഷം മാത്രമേ സിബിഐ ഉള്‍പ്പെടെയുള്ള സമാന്തര അന്വേഷണ ഏജന്‍സികള്‍ക്ക് കേസ് കൈമാറാനാകൂ. നിലവില്‍ കേസുമായി ബന്ധപ്പെട്ട എല്ലാവിധ സഹാങ്ങള്‍ക്കും സൈന്യം തയ്യാറാണെന്ന് ബന്ധപ്പെട്ടവര്‍ നേരത്തെ കുടുംബത്തിനെ അറിയിച്ചിരുന്നു.

 

Back to top button
error: