കോട്ടയം: മണിമലയില്‍ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ അപകടത്തിനിടയാക്കിയ ജോസ് കെ മാണിയുടെ മകന്‍ ഓടിച്ച വാഹനം അമിത വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷി. ബ്രേക്ക് ചെയ്തപ്പോള്‍ വണ്ടി മൂന്ന് തവണ വട്ടം കറങ്ങിയെന്ന് ദൃക്‌സാക്ഷി ജോമോന്‍ പറയുന്നു.
വണ്ടി പാളി പോയെന്ന് ജോസ് കെ.മാണിയുടെ മകന്‍ തന്നെ പറഞ്ഞിരുന്നതായി അദ്ദേഹം പറഞ്ഞു. എതിര്‍ ദിശയില്‍ ആയിരുന്നു വാഹനങ്ങള്‍ എന്നും ജോമോന്‍ പറഞ്ഞു. സംഭവത്തില്‍ കെ.എം മാണി ജൂനിയറിനെ (19-കുഞ്ഞുമാണി) അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചിരുന്നു. കരിക്കാട്ടൂരിനും മണിമലയ്ക്കും ഇടയിലാണ് അപകടം നടന്നത്.
മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍ (35), സഹോദരന്‍ ജിന്‍സ് ജോണ്‍ (30) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മണിമല ഭാഗത്തു നിന്നും റാന്നി ഭാഗത്തേക്ക് സഞ്ചരിക്കുകയുമായിരുന്നു ഇവര്‍. എതിര്‍ ദിശയില്‍ റാന്നി ഭാഗത്തു നിന്നും മണിമല ഭാഗത്തേക്ക് പോയ KL-07-CC-1717 ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് എതിര്‍ദിശയിലേക്ക് കറങ്ങി എത്തിയപ്പോഴാണ് അതിനു പിന്നിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചുകയറിയതെന്ന് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. ജോസ് കെ മാണിയുടെ സഹോദരി ഭര്‍ത്താവ്് സേവിയര്‍ മാത്യുവിന്റെ പേരിലുള്ളതാണ് കാര്‍.
അതേസമയം, കേസില്‍ കെ.എം. മാണി ജൂനിയറെ രക്ഷിക്കാന്‍ പോലീസ് തിരിമറി നടത്തിയതായി ആരോപണം. ഇന്നോവാ കാറിന്റെ ഭാഗത്താണ് തെറ്റെന്ന് എഫ് ഐ ആര്‍ പറയുന്നുണ്ട്. ഉദാസീനമായും മനുഷ്യ ജീവന് അപകടം വരത്തക്കവിധം ഓടിച്ചെന്നും വിശദീകരിക്കുന്നു. പ്രതിക്കെതിരെ നരഹത്യാകുറ്റം നിലനില്‍ക്കും വിധമാണ് ചാര്‍ജ്ജ്.
എന്നാല്‍ ചുമത്തിയത് സ്റ്റേഷന്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകളും. ആദ്യം ഡ്രൈവറുടെ പ്രായമായി കാണിച്ചിരിക്കുന്നത് നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. ബംഗ്ലൂരില്‍ എംബിഎ വിദ്യാര്‍ത്ഥിയായ മാണിക്ക് 19 വയസ്സുമാത്രവും. വിവാദമായതോടെ എഫ്‌ഐആറില്‍ വെട്ടിത്തിരത്തിലും വരുത്തി. എഫ് ഐ ആറില്‍ നിന്നും കെഎം മാണി ജൂനിയറിന്റെ പേര് ഒഴിവാക്കി. അപകടത്തിന് പിന്നാലെ സ്ഥലത്ത് എത്തിയ പൊലീസ് സംഘം ജോസ് കെ മാണിയുടെ മകനെ കണ്ടിട്ടും പേര് ഒഴിവാക്കിയത് ദുരൂഹതയാണ്. രക്തസാമ്പിള്‍ പരിശോധനയും നടത്തിയില്ലെന്നാണ് വിവരം.