കോഴിക്കോട്: പോലീസ് സ്റ്റേഷന് മുന്നിലെ യുവാവിന്റെ ആത്മഹത്യാശ്രമം നാട്ടുകാരും പോലീസും ചേര്‍ന്ന് വിഫലമാക്കി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. ഇയാള്‍ പ്രേമിച്ചിരുന്ന പെണ്‍കുട്ടി നല്കിയ പരാതിയെക്കുറിച്ച് ചോദ്യം ചെയ്യാന്‍ മാഹി സ്വദേശിയായ യുവാവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനിടെയായിരുന്നു ആത്മഹത്യാശ്രമം.
ഇയാളുടെ കാമുകി രണ്ട് ദിവസം മുമ്പ് മറ്റൊരു യുവാവിന്റെ കൂടെ പോയിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം എന്നാണ് ലഭ്യമാകുന്ന വിവരം. പെണ്‍കുട്ടിയുമായി പത്ത് വര്‍ഷമായി പ്രണയത്തിലായിരുന്നു എന്നാണ് ഇയാളുടെ വാദം. യുവാവിനെതിരേ പെണ്‍കുട്ടി നല്കിയ പരാതിയിന്മേല് ചോദ്യം ചെയ്യാന്‍ ഇയാളെ വിളിപ്പിച്ചതിനിടെയായിരുന്നു സ്റ്റേഷന് പരിസരത്ത് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്യാനുള്ള യുവാവിന്റെ ശ്രമം പോലീസും നാട്ടുകാരും ചേര്‍ന്ന് തടയുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി ദേഹത്തെ പെട്രോള്‍ തുടച്ച് നീക്കിയതിന് ശേഷം ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.