കോട്ടയം: ജി 20 വികസന പ്രവർത്തക സമിതി(ഡി.ഡബ്ല്യു.ജി)യുടെ 2-ാമത് യോഗത്തിന് കുമരകം കെ.ടി.ഡി.സി കൺവെൻഷൻ സെന്ററിൽ തുടക്കമായി. ഈ മാസം ഒൻപത് വരെ നടക്കുന്ന യോഗത്തിൽ ജി 20 അംഗരാജ്യങ്ങൾ, 9 ക്ഷണിക്കപ്പെട്ട രാജ്യങ്ങൾ, വിവിധ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 80-ലധികം പ്രതിനിധികൾ വിവിധ ദിവസങ്ങളിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി നാഗരാജ് കെ. നായിഡുവും ഇനാം ഗംഭീറും പരിപാടിക്ക് സഹ അധ്യക്ഷം വഹിച്ചു. യോഗത്തിന് മുന്നോടിയായി വികസനത്തിന് വേണ്ടിയുള്ള വിവരങ്ങൾ, പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി, നീതിയുക്തമായ ആഗോള ഹരിത പരിവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള സെഷനുകളോടെ ഒരു പാർശ്വ പരിപാടി കഴിഞ്ഞ ദിവസം നടന്നിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സാമ്പത്തിക കാര്യം) ദമ്മു രവിയാണ് ഔപചാരിക നടപടികൾ ഉദ്ഘാടനം ചെയ്തത്. വികസനത്തിന്റെ അജൻഡയെ കേന്ദ്രഘട്ടത്തിലേക്ക് കൊണ്ടുവരാൻ ഇന്ത്യ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പാരിസ്ഥിതിക-കാലാവസ്ഥാ അപകടസാദ്ധ്യതകൾ വികസനത്തിന്റെ പുരോഗതിയെ പിന്നോട്ടടിപ്പിക്കുകയും അസമത്വങ്ങൾ വർദ്ധിപ്പിക്കുകയും അവ വികസ്വര രാജ്യങ്ങളെ അനനൂരൂപമായി ബാധിക്കുകയും ചെയ്യുന്ന നിരവധി പ്രതിസന്ധികളുണ്ടായി. വികസന പ്രശ്നങ്ങൾക്ക് ഉത്തരവാദികളായ ജി20യിലെ പ്രധാന പാത എന്ന നിലയിൽ ഡി.ഡബ്ല്യു.ജി പരിഹാരങ്ങൾ കണ്ടെത്തുകയും വൈവിദ്ധ്യമാർന്ന ആഗോള വികസന വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന് കൂട്ടായ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള (എസ്.ഡി.ജി) പുരോഗതി ത്വരിതപ്പെടുത്താനും നേതാക്കളുടെ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്താനും സഹായിക്കുന്ന സമവായ രേഖകൾക്കായി പ്രവർത്തിക്കാൻ അദ്ദേഹം ഡി.ഡബ്ല്യു.ജിയോട് അഭ്യർത്ഥിച്ചു. ഡി.ഡബ്ല്യു.ജി അദ്ധ്യക്ഷസ്ഥാനം കണ്ടെത്തിയ പ്രധാന മുൻഗണനാ മേഖലകളെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ നടന്നു. വികസനത്തിന് വേണ്ടിയുള്ള വിവരങ്ങളിലൂടെയുള്ള രൂപാന്തരീകരണ പരിവർത്തനത്തിലാണ് ആദ്യ സെഷൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ഐ.ടി.യു), യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് (യു.എൻ.സി.ടി.എ.ഡി), യു.എൻ ടെക്നോളജിയിലെ പ്രത്യേക ദൂതന്റെ ഓഫീസ് (ഒ.എസ്.ഇ.ടി)) എന്നിവയിൽ നിന്നുള്ള വിദഗ്ധർ അവതരണങ്ങൾ നടത്തി. 2030 അജൻഡയ്ക്ക് വേണ്ടിയുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ പ്രാധാന്യവും ഡിജിറ്റൽ വിഭജനം ഇല്ലാതാക്കി സാമൂഹിക വികസനത്തിന് ഡിജിറ്റൽ പരിവർത്തനങ്ങളുടെ ആവശ്യകതയും പ്രതിനിധികൾ എടുത്തു പറഞ്ഞു.
രണ്ടാമത്തെ സെഷൽ ‘ രൂപാന്തരീകരണ പരിവർത്തനം (വനിതകൾ നയിക്കുന്ന വികസനം’ എന്നതിനെ കേന്ദ്രീകരിച്ചായിരുന്നു. 2030 അജൻഡ നേടുന്നത് ത്വരിതപ്പെടുത്തുന്നതിലും സമഗ്രവും സുസ്ഥിരവുമായ ഒരു ലോകം സൃഷ്ടിക്കുന്നതിലും സമൂഹത്തിലെ സജീവ അംഗങ്ങളെന്ന നിലയിലും തീരുമാനമെടുക്കുന്നവരെന്ന നിലയിലും സ്ത്രീകൾക്ക് വഹിക്കാനാകുന്ന പങ്ക് ഇതിൽ ഉയർത്തിക്കാട്ടപ്പെട്ടു. സാമ്പത്തിക ശാക്തീകരണം, ലിംഗ ഡിജിറ്റൽ വിഭജനം ഇല്ലാതാക്കൽ, കാലാവസ്ഥാ വ്യതിയാനം, പോഷകാഹാരം എന്നീ മേഖലകളിൽ പ്രാപ്തരാക്കുന്നതിന് സൗകര്യമൊരുക്കുന്നതിന് വേണ്ടി വനിതാശാക്തീകരണവും നേതൃത്വത്തിന്റെ കേന്ദ്ര സ്ഥാനങ്ങളിൽ വനികളെ കൊണ്ടുവരേണ്ടതും അനിവാര്യമാണെന്ന് പ്രതിനിധികൾ ഊന്നിപ്പറഞ്ഞു.
മൂന്നാം സെഷനിൽ നീതിയുക്തമായ ഹരിത പവർത്തനത്തിനെക്കുറിച്ചാണ് പ്രതിനിധികൾ ചർച്ച ചെയ്തത്. അന്താരാഷ്ട്ര തൊഴിൽ സംഘടന (ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ -ഐ.എൽ.ഒ), യുണൈറ്റഡ് നേഷൻസ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ഓർഗനൈസേഷൻ (യുനിഡോ), ബാർബഡോസ് പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതൻ അവിനാഷ് പെർസൗഡ് എന്നിവർ ലോകമെമ്പാടുമുള്ള ഹരിത പരിവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിൽ ജി 20 ന് സാദ്ധ്യമാകുന്ന പങ്കിനെക്കുറിച്ച് അവതരണം നടത്തി. വികസന അജണ്ടയെ സ്വാധീനിക്കുന്ന ഒരു പരിവർത്തന പാതയിലൂടെ ലോകം കുറഞ്ഞ കാർബൺ ഭാവിയിലേക്ക് നീങ്ങുമ്പോൾ, ഹരിത പരിവർത്തനങ്ങളെ സാമൂഹികവും വികസന മാനങ്ങളുമായി സന്തുലിതമാക്കേണ്ടതിന്റെ ആവശ്യകത പ്രതിനിധികൾ എടുത്തുപറഞ്ഞു. വേഗത്തിലും സുഗമമായതുമായ പരിവർത്തനങ്ങൾക്ക് പ്രാപ്തമാക്കുന്ന ഒരു അന്താരാഷ്ട്ര പരിസ്ഥിതി സൃഷ്ടിക്കേണ്ട ജി20യുടെ സുപ്രധാനമായ ഉത്തരവാദിത്വത്തിന് അവർ ഊന്നൽ നൽകി.
വിവിധ നിർവ്വഹണ മാർഗ്ഗങ്ങൾ-സ്ഥാപന കാര്യശേഷി നിർമ്മാണം, സാങ്കേതികവിദ്യാ കൈമാറ്റം, സാമ്പത്തിക സഹായങ്ങൾ,നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അനുകൂലവും സജീവവും പ്രതികരണാത്മകവുമായ പ്രവർത്തനങ്ങളുടെ ആവശ്യകതയും പ്രതിനിധികൾ ചർച്ച ചെയ്തു. അതോടൊപ്പം ആഗോളതലത്തിൽ നീതിയുക്തമായ ഹരിത പരിവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ കൂട്ടായ ഏ20 ശ്രമങ്ങളെക്കുറിച്ചും അവർ പറഞ്ഞു.