അബുദാബി: യുഎഇയില്‍ ശമ്പള വിതരണത്തിലെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ മൂവായിരത്തിലധികം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി. വീഴ്ച കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്. യഥാസമയത്ത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഔദ്യോഗിക തലത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിരുന്നു.
യുഎഇയിലെ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം (ഡബ്ല്യൂ.പി.എസ്) വഴി ആയിരിക്കണം ജീവനക്കാര്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ സ്ഥാപനങ്ങള്‍ ശമ്പളം നല്‍കേണ്ടത്. യുഎഇയിലെ മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്‍തിട്ടുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഇലക്ട്രോണിക് ഇന്‍സ്‍പെക്ഷനുകളും നേരിട്ടെത്തിയുള്ള പരിശോധനകളും അധികൃതര്‍ നടത്തുന്നുണ്ട്.
2022ല്‍ ആകെ 6.12 ലക്ഷം പരിശോധനകള്‍ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ നടത്തിയതായി മാനവ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഇതില്‍ 12,000ല്‍ അധികം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഈ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ചെയ്‍തു. തൊഴിലുടമ പാലിക്കേണ്ട നിബന്ധനകളിലെ വീഴ്‍ചകള്‍ മുതല്‍ ജോലി സ്ഥലങ്ങളിലെ തൊഴിലാളി സുരക്ഷ, തൊഴിലാളികള്‍ക്ക് നല്‍കുന്ന താമസ സൗകര്യങ്ങളുടെ നിലവാരം, വേനല്‍ കാലത്ത് ഉച്ചവിശ്രമ സമയം അനുവദിക്കുന്നതില്‍ വരുത്തുന്ന വീഴ്ചകള്‍, തൊഴില്‍ കരാറുകളിലെ വ്യവസ്ഥകള്‍ പിന്നീട് പാലിക്കാതിരിക്കല്‍, ലൈസന്‍സില്ലാത്ത തൊഴിലുകള്‍ എന്നിങ്ങനെ വിവിധ തലങ്ങളിലെ നിയമലംഘനങ്ങളെക്കുറിച്ച് അധികൃതര്‍ പരിശോധന നടത്തുന്നുണ്ട്.