KeralaNEWS

നടപടി ബാലിശം; രാഹുൽ ഗാന്ധിയെയും എ രാജയെയും താരത്മ്യം ചെയ്ത എം.വി. ഗോവിന്ദനെ വിമർശിച്ച് കെ സുധാകരൻ

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും ദേവികുളം എംഎൽഎ എ രാജയെയും താരത്മ്യം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. എം വി ഗോവിന്ദൻറെ നടപടി ബാലിശമാണെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു. പ്രതികാര നടപടിയുടെ ഭാഗമായ മാനനഷ്ടകേസിന്റെ പുറത്താണ് രാഹുൽ ഗാന്ധിക്കെതിരായ കോടതി നടപടി. എന്നാൽ എ രാജയെ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി പട്ടികജാതി സംവരണതത്വങ്ങൾ അട്ടിമറിച്ച ക്രിമിനിൽ കുറ്റത്തിന്റെ പേരിലാണ് കോടതി അയോഗ്യത കൽപ്പിച്ചത്. ഇവരണ്ടും ഒരുപോലെയെന്ന് കണ്ടെത്തിയ എം വി ഗോവിന്ദന്റെ തൊലിക്കട്ടി അപാരം തന്നെയാണെന്നും സുധാകരൻ പറഞ്ഞു. വോട്ടർമാരെ വഞ്ചിച്ച രാജ ചെയ്ത തെറ്റുതിരുത്തി മാപ്പുപറയാൻ പോലും സിപിഎം തയ്യാറായില്ല. പകരം എല്ലാ സംരക്ഷണവും നൽകുകയാണ്. രാജയുടെ ക്രിമിനൽ നടപടിയെ തുടരെ ന്യായീകരിക്കുന്ന സിപിഎമ്മിനെ ജനം പുച്ഛത്തോടെയാണ് കാണുന്നത്. ദേവികുളത്ത് ജനവിധി നേരിടാൻ സിപിഎം എന്തിനാണ് ഭയക്കുന്നതെന്നും സുധാകരൻ ചോദിച്ചു.

സംഘപരിവാറിന്റെ ജനാധിപത്യവിരുദ്ധ ഫാസിസ്റ്റ് നടപടികളെ നഖശിഖാന്തം എതിർത്ത പ്രസ്ഥാനമാണ് കോൺഗ്രസ്. രാജ്യത്തും കേരളത്തിലും അവരുടെ കുതിപ്പിന് തടയിട്ടത് കോൺഗ്രസാണ്. എന്നാൽ കോൺഗ്രസിന്റെ പടയോട്ടത്തെ പരാജയപ്പെടുത്തുന്ന ചേരിയിൽ എന്നും മുൻനിരയിൽ സിപിഎമ്മുണ്ട്. ബിജെപി സംഘപരിവാർ ശക്തികളോടുള്ള അവരുടെ മൃദുസമീപനത്തിന്റെ ഭാഗമായാണ് സിപിഎം എന്നും അത്തരം നിലപാട് സ്വീകരിച്ചത്. പ്രതിപക്ഷ ഐക്യത്തിന് തുരങ്കം വെച്ച് മൂന്നാം മുന്നണിവേണമെന്ന ആവശ്യം എം.വി.ഗോവിന്ദന്റെ പാർട്ടി മുന്നോട്ട് വെയ്ക്കുന്നത് സംഘപരിവാർ ശക്തികളെ സഹായിക്കാനാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

Signature-ad

കേരളത്തിൽ ബിജെപിയുടെ റിക്രൂട്ട്‌മെന്റ് ഏജൻസിയായിട്ടാണ് സിപിഎം പ്രവർത്തിക്കുന്നത്. അന്ധമായ കോൺഗ്രസ് വിരോധമാണ് സിപിഎമ്മിനെ അതിന് പ്രേരിപ്പിക്കുന്ന ഘടകം. കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയപ്പോൾ അന്ന് അതിനെ പിന്തുണയ്ക്കാതെ ഇപ്പോൾ രാഹുൽ പ്രേമം നടിച്ച് മുതലക്കണ്ണീർ പൊഴിക്കുകയാണ്. അന്ന് ബിജെപിയുടെ മുദ്രാവാക്യം ഏറ്റെടുത്ത് രാഹുൽ ഗാന്ധിയെ പരിഹസിച്ചവരാണ് സിപിഎമ്മുകാർ. സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് മാത്രം ഇന്ന് രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാൻ നിർബന്ധിതരായവരാണ് ഗോവിന്ദനും അദ്ദേഹത്തിന്റെ പാർട്ടിയുടെ കേരള ഘടകം നേതാക്കളും. അല്ലായിരുന്നെങ്കിൽ ബിജെപിയുടെ വിമർശനം ഏറ്റെടുത്ത് നാടുനീളെ അതിന്റെ പ്രചരണ കരാർ സിപിഎം ഏറ്റെടുത്തേനെയെന്നും സുധാകരൻ പറഞ്ഞു.

സംഘപരിവാറിനും മോദിക്കും എതിരായി കോൺഗ്രസ് നടത്തിയ പോരാട്ടങ്ങൾക്ക് പിന്തുണ നൽകാൻ സിപിഎം കേരള ഘടകം തയ്യാറായിട്ടില്ല. രാജ്യത്ത് സ്‌നേഹത്തിന്റെ സന്ദേശം പടർത്തി വെറുപ്പിന്റെ സംഘപരിവാർ രാഷ്ട്രീയത്തെ അകറ്റാൻ രാഹുൽ നയിച്ച ഭാരത് ജോഡോ യാത്രയിൽ നിന്ന് അകലം പാലിച്ചവരാണ് കേരളത്തിലെ കമ്യൂണിസ്റ്റുകാർ. ജനാധിപത്യബോധമുയർത്തി പ്രവർത്തിക്കുന്നവരെ സംഘികളായി ചീത്രീകരിച്ച് ബിജെപിയുടെ പ്രസക്തി ഉയർത്തികാട്ടുന്നതും അവർക്ക് പ്രോത്സാഹനമായ നിലപാടുകളുമാണ് സിപിഎം സ്വീകരിക്കുന്നത്. കേരളത്തിൽ ഏതെങ്കിലും ഒരു വ്യക്തി കാവിമുണ്ടുടുത്തത് കൊണ്ടോ തിലകക്കുറി ഇട്ടത് കൊണ്ടോ അമ്പലങ്ങളിൽ പോയത് കൊണ്ടോ സംഘപരിവാറുകാരനാവില്ല. എന്നാൽ ഇവരെയെല്ലാം സംഘികളായി മുദ്രകുത്തി ബിജെപിക്ക് ഉത്തേജനം പകരുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി. അത് ശരിയാണോയെന്ന് എം.വി.ഗോവിന്ദൻ ചിന്തിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Back to top button
error: