കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത എം.ടി യുടെ ‘ഓപ്പോൾ’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 42 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
എം.ടി വാസുദേവൻ നായരുടെ ‘ഓപ്പോളി’ന് 42 വയസ്സ്. 1981 ഏപ്രിൽ രണ്ടിനാണ് കെ,എസ് സേതുമാധവൻ സംവിധാനം ചെയ്ത ഈ ഹിറ്റ് ചിത്രം പ്രദർശനമാരംഭിച്ചത്. അപ്പു എന്ന ബാലന്റെയും അവന്റെ പ്രിയപ്പെട്ട ഓപ്പോളിന്റെയും (മൂത്ത ചേച്ചി) ഹൃദയസ്പർശിയായ കഥയിൽ അപ്പുവായി മാസ്റ്റർ അരവിന്ദും (മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ പ്രശസ്തൻ) ഓപ്പോളായി മേനകയും (മലയാളത്തിൽ ആദ്യം) അഭിനയിച്ചു. ഓപ്പോളെ വിവാഹം കഴിക്കുന്ന നല്ലവനായ മധ്യവയസ്കനായി ബാലൻ കെ നായരും (ദേശീയ അവാർഡ്), ഓപ്പോളുടെ ക്ഷുഭിതയായ അമ്മയായി കവിയൂർ പൊന്നമ്മയും, കുടുംബ സുഹൃത്തായി ശങ്കരാടിയും അഭിനയച്ചു.
നിർമ്മാണം റോസമ്മ ജോർജ്ജ്. ഐവി ശശിയുടെ തൃഷ്ണ, ആരൂഢം, അക്ഷരങ്ങൾ എന്നീ ചിത്രങ്ങളും ഇവരാണ് നിർമ്മിച്ചത്.
പട്ടാളക്കാരനായിരുന്ന ബാലൻ കെ നായർ മേനകയെ കല്യാണം കഴിച്ച് വയനാട്ടിലേയ്ക്ക് കൊണ്ടുപോകുന്നത് സഹിക്കാൻ അപ്പുവിന് കഴിയുന്നില്ല. മേനകയ്ക്കും അതേ അവസ്ഥ തന്നെ. അവർ അവനെ കൂടെക്കൂട്ടി. മധുവിധുകാലത്ത് ചെക്കൻ ഒരു ശല്യമാകുന്നത് കണ്ട് ബാലൻ കെ നായർ കോപിക്കുന്നു. അപ്പു വീട്ടിൽ നിന്നും ഓടിപ്പോയി പാറയുടെ അടിയിൽ ഒളിച്ചിരുന്നു. വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നെങ്കിലും അവന് ജ്വരം പിടിച്ചു. നിസ്സംഗത കാട്ടിയ ഭർത്താവിനോട് ഭാര്യ ‘ഇനി തിരിച്ചു വരില്ലെ’ന്ന് യാത്ര പറയുകയാണ്. ‘അപ്പുവിനെ പിരിഞ്ഞ് നിൽക്കാൻ വയ്യ. സ്വന്തം മകനാണ്! പൊറുക്കണം’. അവരുടെ യാത്ര തടഞ്ഞ് ഭർത്താവ് അവരെ സ്വീകരിക്കുന്നു.
പി ഭാസ്ക്കരൻ- എംബി ശ്രീനിവാസൻ ടീമിന്റെ 3 ഗാനങ്ങൾ. ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത്, പൊട്ടിക്കാൻ ചെന്നപ്പോൾ, ചാറ്റൽ മഴയും പൊൻവെയിലും അവയുടെ ലാളിത്യ ഭംഗി കൊണ്ട് ഹിറ്റായി. സിനിമ പോലെ തന്നെ.