കോട്ടയം: ജില്ലയിൽ ഒരാഴ്ചയ്ക്കിടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന കണ്ടെത്തിയ സാഹചര്യത്തിൽ ഇടപെടലുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ജില്ലയിൽ ഈ മാസം 594 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 348 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ്.
ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ എന്നിവരും കാൻസർ, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതര രോഗങ്ങൾ ഉള്ളവരും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ഡി.എം.ഒ. നിർദേശിച്ചു. ഇവരിൽ കുട്ടികൾ ഒഴികെയുള്ളവർ കരുതൽ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടില്ലെങ്കിൽ ഉടൻ അത് സ്വീകരിക്കണം. പൊതുസ്ഥലങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കാൻ ശ്രദ്ധിക്കണം. തിരക്കുള്ള സ്ഥലങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കണം.
മൂന്നു ദിവസമായി കുറയാതിരിക്കുന്ന പനി, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ശ്വാസോച്ഛ്വാസ നിരക്ക് മിനിറ്റിൽ 24ൽ കൂടുതൽ, രക്തത്തിൽ ഓക്‌സിജന്റെ അളവ് 94 ശതമാനത്തിൽ കുറവ്, കടുത്ത ക്ഷീണം, പേശീവേദന, നെഞ്ചിൽ നീണ്ടുനിൽക്കുന്ന വേദന അഥവാ മർദ്ദം, ചുണ്ടിലോ മുഖത്തോ നീല നിറം എന്നിവ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണം.
ആശുപത്രികൾ ഉൾപ്പെടെയുള്ള രോഗപകർച്ചാ സാധ്യത കൂടിയ സ്ഥലങ്ങളിൽ എല്ലാവരും മാസ്‌ക് ധരിക്കണം. കൈ കഴുകൽ, അകലം പാലിക്കൽ തുടങ്ങിയ പ്രതിരോധ മാർഗങ്ങളിലും ശ്രദ്ധവേണം. പനി, ശ്വാസകോശ രോഗങ്ങൾ, തൊണ്ടവേദന തുടങ്ങിയ രോഗങ്ങൾ ബാധിച്ച് ആശുപത്രികളിലെത്തുന്നവരിലും ശാസ്ത്രക്രിയ ഉള്ളവർ അതിനു മുന്നോടിയായി നടത്തുന്ന പരിശോധനകളിലുമാണ് രോഗം ഇപ്പോൾ സ്ഥിരീകരിക്കുന്നത്. കോവിഡ് സ്ഥിരീകരിക്കുന്നവരിൽ സംശയാസ്പദമായ കേസുകളുടെ സാമ്പിളുകൾ വൈറസ് വകഭേദം തിരിച്ചറിയൽ പരിശോധനയും നടത്തുണ്ട്. പുതിയ വകഭേദങ്ങൾ നിരീക്ഷിക്കുന്നതിനും പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തങ്ങളുടെ ഭാഗമായാണിത്.