കവര്‍ച്ച ഉള്‍പ്പടെ ഇരുപതോളം കേസുകളിലെ പ്രതിയും റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട, കുപ്രസിദ്ധയുവതി ശ്രീജ എന്ന ‘പൂമ്പാറ്റ സിനി’യെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ മറിച്ചു വിറ്റ കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഡിസംബറില്‍ ആണ് കേസിനാസ്പദമായ സംഭവം. ഒല്ലൂര്‍ കേശവപ്പടി സ്വദേശി ജിതില്‍ എന്നയാളുടെ മഹീന്ദ്ര എക്സ്.യു.വി കാര്‍ വാടകയ്ക്കെടുത്ത് ഉടമ അറിയാതെ മറിച്ചു വിറ്റ കേസിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ജിതില്‍ നല്കിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
ഒല്ലൂർ സ്റ്റേഷനില്‍ മാത്രം എട്ടോളം സ്വർണ്ണ പണയ തട്ടിപ്പ് കേസുകളിലും, റൗഡി ലിസ്റ്റിലും ഉള്‍പ്പെട്ടയാളാണ് സിനി. ഒല്ലൂർ കൂടാതെ പുതുക്കാട്, ടൗണ്‍ ഈസ്റ്റ്, മാള എന്നീ പോലീസ് സ്റ്റേഷനുകളിലും സിനിക്കെതിരെ കേസുകളുണ്ട്. എറണാകുളം സ്വദേശിയായ സിനി
വിവിധ സ്ഥലങ്ങളില്‍ വാടകക്ക് താമസിച്ച് പരിസരവാസികളെ പറഞ്ഞ് പറ്റിച്ചാണ് തട്ടിപ്പ് നടത്തുന്നത്. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണർ അംഗിത്ത് അശോകിന്റെ നിർദേശപ്രകാരമായിരുന്നു അറസ്റ്റ്.
ഒല്ലൂര്‍ എസ്.എച്ച്.ഒ ബെന്നി ജേക്കബ്, എസ്.ഐമാരായ വിജിത്ത്, ഗോകുൽ, സീനിയർ വുമണ്‍ സിവിൽ പോലീസ് ഓഫീസര്‍മാരായ എസ് വിന് , ഷീജ,സിവില്‍ പോലീസ് ഓഫീസര്‍ അഭീഷ് ആന്റണി എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു.