കണ്ണൂര്‍: അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നുവെന്ന വിവരത്തില്‍ നാട്ടുകാര്‍ വീടുവളഞ്ഞു. പിന്നാലെ പോലീസെത്തി താമസക്കാരെ ഒഴിപ്പിച്ചു. ഇതിനിടെ പോലിസിന്റെ കൃത്യനിര്‍വ്വഹം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഇന്നലെ രാത്രി എട്ട് മണിയോടെ പാപ്പിനിശേരി കാട്ടിയത്താണ് സംഭവം. അതിഥി തൊഴിലാളികള്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ താമസിക്കുന്ന വീടു കേന്ദ്രീകരിച്ചാണ് അനാശാസ്യ പ്രവര്‍ത്തനം.
പരിസരവാസികളായ നാട്ടുകാര്‍ക്ക് ശല്യമായതോടെയാണ് 300 ഓളം പേര്‍ വീട് വളഞ്ഞത്. അനാശാസ്യ പ്രവര്‍ത്തനത്തിനായി ഇന്നലെ വൈകുന്നേരം ചാലോട് ഭാഗത്ത് താമസിക്കുന്ന കൂടുതല്‍ അതിഥി തൊഴിലാളികള്‍ വീട്ടില്‍ എത്തിയതോടെയാണ് നാട്ടുകാര്‍ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. ആറ് സ്ത്രീകളും 13 പുരുഷന്മാരുമാണ് ഈ സമയം വാടക വീട്ടില്‍ ഉണ്ടായിരുന്നത്. നാട്ടുകാരില്‍ ചിലര്‍ വളപട്ടണം പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എസ്.ഐ. രേഷ്മയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി നാട്ടുകാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി.
വാതിലടച്ച് അകത്ത് കൂടിയ അതിഥി തൊഴിലാളികളോട് വാതില്‍ തുറക്കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ വാതില്‍ തുറന്ന് ബലപ്രയോഗത്തിലൂടെ അകത്ത് കടക്കാനും ശ്രമം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയ പാപ്പിനിശേരി കാട്ടിയത്തെ പട്ടേരി ഹൗസില്‍ ഉമേഷിനെ (35) അറസ്റ്റ് ചെയ്തു. വീട് കേന്ദ്രീകരിച്ച് അതിഥി തൊഴിലാളികള്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നത് വ്യക്തമായതോടെ നാട്ടുകാരുടെ ഉറച്ച നിലപാടില്‍ അതിഥി തൊഴിലാളികളെ വാടക വീട്ടില്‍ നിന്നും പൂര്‍ണ്ണമായി ഒഴിപ്പിച്ച ശേഷമാണ് നാട്ടുകാരുടെ പ്രതിഷേധം ശാന്തമാക്കിയത്.