‘ജയിലർ’ ചിത്രീകരണത്തിനായി സ്റ്റൈല്‍ മന്നന് രജനികാന്ത് കേരളത്തിലെത്തി, ആരാധകർ ആവേശത്തിൽ
കൊച്ചി: നെല്സന് ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ജയിലര്‍’ ചിത്രീകരണത്തിനായി സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത് കേരളത്തിലെത്തി. ‘ബീസ്റ്റ്’ എന്ന വിജയ് ചിത്രത്തിന് ശേഷം നെല്സന് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലര്‍. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് ചിത്രത്തില്‍ എത്തുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ താരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വിമാനത്താവളത്തിലൂടെയുള്ള സ്റ്റൈല്‍ മന്നന്റെ മാസ് നടത്തവും ആരാധകരെ കൈവിശി അഭിവാദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം.
താമസസ്ഥലത്തെ ജീവനക്കാര്‍ താരത്തെ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ‘മുത്തുവേല്‍ പാണ്ഡ്യന്’ എന്ന കഥാപാത്രത്തെയാണ് ജയിലറില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങള്‍ ചാലക്കുടിയിലാകും ചിത്രീകരിക്കുക എന്നാണ് റിപോര്‍ട്. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തുമെന്നാണ് അറിയുന്നത്.
‘പടയപ്പ’ എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നത്. മലയാളി താരം മോഹന്‍ലാല്‍ വിനായകന്, കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന് ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു.