നൂറു വയസ്സുള്ള ദമ്പതിമാരുടെ ജീവിത സ്പന്ദനങ്ങളുമായി ‘പൂക്കാലം’ ഏപ്രിൽ 8 ന് തിയേറ്ററുകളിലെത്തും
കാമ്പസ് ജീവിതത്തിലെ രസാകരമായ മുഹൂർത്തങ്ങൾ കാട്ടിത്തന്ന ചിത്രമാണ് ‘ആനന്ദം’. ഗണേഷ് രാജ് എന്ന നവാഗതനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. വിനീത് ശ്രീനിവാസന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് ഗണേഷ് സിനിമയിലേക്കു കടന്നുവന്നത്.
‘ആനന്ദ’ത്തിനു ശേഷം ഒരു ഇടവേള വന്നു. ആ ഇടവേള ബ്രേക്കു ചെയ്തു കൊണ്ടാണ് ഇപ്പോൾ ‘പൂക്കാല’മൊരുക്കുന്നത്.
‘പൂക്കാലം’ എന്നും സന്തോഷത്തിന്റെ നിറങ്ങൾ സമ്മാനിക്കുന്ന നാളുകളാണ്.
നൂറു വയസ്സുള്ള ദമ്പതിമാരുടെ കഥയാണ് ‘പൂക്കാലം’ എന്ന ചിത്രത്തിലൂടെ ഗണേഷ് രാജ് അവതരിപ്പിക്കുന്നത്.
കാർഷിക വിളകളുടെ നാട്ടിലെ ഒരിടത്തരം കുടുംബത്തിലെ ഇട്ടൂപ്പ്- കൊച്ചുത്രേസ്യാമ്മ ദമ്പതിമാരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.
വിജയരാഘവനും, കെ.പി.എ.സി ലീലയുമാണ് ഇട്ടൂപ്പും കൊച്ചു ത്രേസ്യാമ്മയുമായി എത്തുന്നത്.
വിജയരാഘവന് നൂറു വയസ്സുകാരന്റെ മേക്കപ്പണിയാൻ തന്നെ ഏറെ സമയം വേണ്ടി വന്നു എന്ന് ഗണേഷ് രാജ് പറഞ്ഞു.
ഒരു കാലഘട്ടത്തിൽ നാടക രംഗത്തെ സൂപ്പർ സ്റ്റാർ ആയിരുന്നു കെ.പി.ഏ.സി ലീല. അമ്പതുവർഷങ്ങൾക്കു ശേഷമാണ് കെ.പി.ഏ.സി.ലീല വീണ്ടുമെത്തുന്നത്. അമ്പതു വർഷങ്ങൾക്കു ശേഷം ജയരാജ് സംവിധാനം ചെയ്ത’രൗദ്രം’ സിനിമയിൽ അഭിനയിച്ചാണ് വീണ്ടും അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.
‘രൗദ്ര’ത്തിലെ അഭിനയത്തിന് ഏറ്റം നല്ല നടിയായും തെരഞ്ഞടുക്കപ്പെട്ടു.
നാലു തലമുറക്കാരുടെ കുട്ടുംബത്തിലെ ഏറ്റവും ഇളയ മകളുടെ മകൾ എത്സിയുടെ മന:സമ്മതത്തിലൂടെയാണ് കഥയുടെ ഇതൾ വിരിയുന്നത്. അന്നു നടക്കുന്ന ഒരു സംഭവവും അതിലൂടെ ചുറ്റിപ്പറ്റി അരങ്ങേറുന്ന കാര്യങ്ങളുമാണ് ഈ സിനിമ.
ഈ സംഭവം ഈ കുടുംബത്തിൽ പല മാറ്റങ്ങൾക്ക് ഇടയാക്കുകയും പല തിരിച്ചറിവുകൾക്കും കാരണമാകുകയും ചെയ്യുന്നു.
അന്നു ആന്റണിയാണ് എത്സിയെ അവതരിപ്പിക്കുന്നത്.
എറെ വിജയം നേടിയ ‘ഹൃദയം’ത്തിലെ മായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് അന്നു ആന്റണി.
സുശീൽ ആണ് എത്സിയുടെ ഭാവി വരൻ അരുൺ കുര്യനായി എത്തുന്നത്
ഈ ചിത്രത്തിൽ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അബു സലിമാണ്. എത്സിയുടെ പിതാവ്,
മുഴുനീള കോമഡി കഥാപാത്രമാണിത്.
വളരെ സുപ്രധാനമായ ഒരു റോളിൽ സഹാസിനിയും എത്തുന്നു.
വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, ജഗദീഷ്, ജോണി ആന്റണി, രാധാ ഗോമതി, ഗംഗാ മീരാ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
കൈതപ്രം, റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, എന്നിവരുടെ വരികൾക്ക് സച്ചിൻ വാര്യർ ഈണം പകർന്നിരിക്കുന്നു.
ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണവും മിഥുൻ മുരളി എഡിറ്റിംഗും നിർവ്വഹിക്കുന്നു. സി.എൻ.സി സിനിമാസ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ വിനോദ് ഷൊർണൂരും തോമസ് തിരുവല്ലയും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം ഏപ്രിൽ 8 ന് പ്രദർശനത്തിനെത്തും .
വാഴൂർ ജോസ്.