Movie

എ.ബി രാജ് സംവിധാനം ചെയ്ത സസ്പെൻസ് ചിത്രം ‘രഹസ്യരാത്രി’ തിയറ്ററുകളിലെത്തിയിട്ട് ഇന്ന് 49 വർഷം

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

    സസ്പെൻസുകളുടെയും ട്വിസ്റ്റുകളുടെയും 1970 മോഡൽ, ‘രഹസ്യരാത്രി’ തിയറ്ററുകളിൽ അനാവൃതമായിട്ട് 49 വർഷം. 1974 മാർച്ച് 23 നാണ് പ്രേംനസീർ, ജയഭാരതി, ജോസ്പ്രകാശ് എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം റിലീസ് ചെയ്‌തത്‌. എസ് എൻ സ്വാമിയുടെ ‘സിബിഐ’ രീതിയിൽ, ആരാണ് കൊന്നത് എന്നതിന് പകരം ആരെയാണ് കൊന്നത് എന്ന ചോദ്യമാണ് ‘രഹസ്യരാത്രി’യിൽ കണ്ടത്. മാത്രമല്ല നല്ലവനായ നായകൻ എങ്ങനെയാണ് കൊലയാളിയായത് എന്ന ഉപചോദ്യവുമുണ്ട്. കാര്യങ്ങൾ വെളിപ്പെട്ട് വരുമ്പോൾ ഒടുക്കത്തെ ട്വിസ്റ്റുമുണ്ട്.
സംഭവമിങ്ങനെ: മാന്യ വ്യക്തികളെക്കുറിച്ച് അപകീർത്തിപരമായി എഴുതുന്ന ആളാണ് ആർ ആർ ദാസ് (പറവൂർ ഭരതൻ). കഥയിലെ വില്ലന്റെ ചതിയാൽ കൊലക്കുറ്റത്തിന് പിടിക്കപ്പെട്ട നസീറിന്റെ അച്ഛനെക്കുറിച്ചും വേണ്ടാത്തത് എഴുതിയതിനെച്ചൊല്ലി നസീറും പറവൂരും തമ്മിലുണ്ടായ മൽപ്പിടുത്തത്തിൽ അബദ്ധത്തിൽ വെടി പൊട്ടി പറവൂർ കൊല്ലപ്പെട്ടു. സംഭവത്തിന് ദൃക്‌സാക്ഷിയായ ജോസ്പ്രകാശ് ശവം പെട്ടിയിലാക്കി ഒളിപ്പിച്ച് നസീറിനെ പോലീസിൽ നിന്ന് രക്ഷിച്ചു.

Signature-ad

ജോസ്പ്രകാശ് അന്ന് മുതൽ ബ്ലാക്ക് മെയ്ൽ ചെയ്യാൻ തുടങ്ങിയതാണ് നസീറിനെ. കാമുകിയായ ജയഭാരതിയെ വിവാഹം കഴിച്ച നസീറിനെക്കൊണ്ട് ഒരു പണക്കാരിയെ കല്യാണം കഴിപ്പിക്കാൻ ജോസ്പ്രകാശ് ശ്രമിക്കുകയാണ്. ബ്ലാക്ക്‌മെയിൽ വഴി അവളുടെ പണം അടിച്ചെടുക്കാൻ വേണ്ടി. നസീർ പോലീസിനോട് കാര്യങ്ങൾ പറഞ്ഞു. പോലീസ് വന്ന് പെട്ടി പരിശോധിക്കുമ്പോഴുണ്ട് പെട്ടിയിൽ മരക്കട്ടി! കള്ളനോട്ടടിയിൽ പൊലീസിന് പണ്ടേ സംശയമുണ്ടായിരുന്ന ജോസ്പ്രകാശിന്റെ കൂടെ നിന്ന് കാര്യങ്ങൾ മനസിലാക്കാൻ പോലീസ് നസീറിനെ നിയോഗിക്കുന്നു. പിന്നെയുണ്ടായ പൊരിഞ്ഞ സ്റ്റണ്ടിൽ, ദാ, മുറിയിൽ ബന്ധനസ്ഥനായിരിക്കുന്ന പറവൂരിനെ നസീർ കണ്ടെത്തി. അപ്പോൾ ജോസ്പ്രകാശ് എന്ന വില്ലന്റെ നിർദ്ദേശപ്രകാരം പറവൂർ ഭരതൻ കളിത്തോക്കുമായി വന്ന് മരിച്ചതായി അഭിനയിച്ചതാണ്…!
ഇനി ജോസ്പ്രകാശിന് അഴിയെണ്ണാം.

വി.പി സാരഥിയാണ് തിരക്കഥ. എ.ബി രാജ് സംവിധാനം. രാജിന്റെ നാല് ചിത്രങ്ങളുടെ കഥ സാരഥിയുടേതായിരുന്നു. കമലിന്റെ മിഴിനീർപൂവുകൾ പിന്നീട് നിർമ്മിച്ച ശ്രീ സായ് ആർ എസ് ശ്രീനിവാസന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ‘രഹസ്യരാത്രി.’
വയലാർ-എംകെ അർജ്ജുനൻ ടീമിന്റെ പാട്ടുകളിൽ യേശുദാസ് പാടിയ ‘മനസിന്റെ മാധവീലത’യിൽ ശ്രദ്ധേയമായി. ‘തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി’യുടെ കോമഡി വേർഷനും ഉണ്ടായിരുന്നു.

Back to top button
error: