തിരുവനന്തപുരം: യുഡിഎഫ് സംവിധാനത്തിനെതിരെ അതൃപ്തിയുമായി ആർഎസ്പി. പ്രക്ഷോഭത്തിന്റെ കാര്യങ്ങളിൽ യുഡിഎഫിന് വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും യുഡിഎഫ് യോഗം കൂടിയിട്ടില്ലെന്നും മുൻകാലങ്ങളിലെ രീതി ഇതായിരുന്നില്ലെന്നും ഷിബു ബേബി ജോൺ വിമർശിച്ചു. യുഡിഎഫ് യോഗത്തിൽ ഇക്കാര്യങ്ങൾ അറിയിക്കുമെന്നും ആർഎസ്പി നേതൃത്വം അറിയിച്ചു.
യുഡിഎഫ് കുറേക്കൂടെ കാര്യക്ഷമമാകണമെന്നും സമരങ്ങൾ ശക്തിപ്പെടണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. പുതിയ നികുതി വർധനവിൽ എന്ത് സമരം എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇവന്മാർ എന്താണ് പുറത്തിറങ്ങി സമരം നടത്താത്തത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഏപ്രിൽ ഒന്നിന് ഹർത്താൽ വേണമെന്നാണ് ആർഎസ്പിയുടെ അഭിപ്രായമെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു.
ബ്രഹ്മപുരം തീപിടിത്തത്തിൽ ഹരിത ട്രിബ്യൂണൽ വിധി വന്നിട്ടും സർക്കാറിന് മിണ്ടാട്ടമില്ലെന്ന് ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി. ജനങ്ങൾക്ക് ശുദ്ധവായു നിഷേധിച്ചു എന്നാണ് പരാമർശം. മുഖ്യമന്ത്രിയുടെ മൗനം മറ്റ് പലതിന്റെയും ലക്ഷണമാണ്. സ്പീക്കറെ വിരട്ടുന്ന മുഖ്യമന്ത്രി കേരള ചരിത്രത്തിൽ ആദ്യമാണെന്നും ഷിബു ബേബി ജോൺ വിമർശിച്ചു.
അതേസമയം, മോദി ഗവൺമെന്റിന്റെ കാർബൺ പതിപ്പാണ് പിണറായി സർക്കാരെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി കുറ്റപ്പെടുത്തി. സ്വപ്നയുടെ ആരോപണത്തിൽ പാർട്ടി സെക്രട്ടറി മാത്രമാണ് മാനനഷ്ട കേസ് നൽകിയത്. മൗനം സമ്മതത്തിന് തുല്യമാണ്. പിണറായി എന്തുകൊണ്ടാണ് മാനനഷ്ടക്കേസ് നൽകാത്തത്. ഹരിത ട്രിബ്യൂണൽ വിധിയുടെ പശ്ചാത്തലത്തിൽ അധികാരത്തിൽ തുടരാൻ പിണറായിക്ക് അർഹതയില്ലെന്നും എൻ കെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.