KeralaNEWS

കാര്യങ്ങൾ പറയേണ്ടത് മാധ്യമങ്ങളോടല്ല, യുഡിഎഫിൽ പറയണം; അതൃപ്തി പരസ്യമാക്കിയ ഷിബു ബേബി ജോണിന് മറുപടിയുമായി വി.ഡി. സതീശൻ

തിരുവനന്തപുരം: യുഡിഎഫ് സംവിധാനത്തിനെതിരെ അതൃപ്തി പരസ്യമാക്കിയ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഷിബു ബേബി ജോൺ യുഡിഎഫിൽ അഭിപ്രായം പറയണമെന്ന് സതീശൻ പറഞ്ഞു. മാധ്യമങ്ങളോടല്ല കാര്യങ്ങൾ പറയേണ്ടത്. എല്ലാ മാസവും യുഡിഎഫ് യോഗം ചേരുന്നുണ്ട്. വിമർശനങ്ങൾ യുഡിഎഫ് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പ്രക്ഷോഭത്തിന്റെ കാര്യങ്ങളിൽ യുഡിഎഫിന് വീഴ്ചകൾ സംഭവിക്കുന്നുണ്ടെന്നാണ് ഇന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും യുഡിഎഫ് യോഗം കൂടിയിട്ടില്ലെന്നും മുൻകാലങ്ങളിലെ രീതി ഇതായിരുന്നില്ലെന്നും ഷിബു ബേബി ജോൺ വിമര്‍ശിച്ചു. മറ്റന്നാൾ യുഡിഎഫ് യോഗത്തിൽ ഇക്കാര്യങ്ങൾ അറിയിക്കുമെന്നും ആര്‍എസ്പി നേതൃത്വം വ്യക്തമാക്കിയിരുന്നു.

യുഡിഎഫ് കുറേക്കൂടെ കാര്യക്ഷമമാകണം. സമരങ്ങൾ കൂടുതല്‍ ശക്തിപ്പെടണം. പുതിയ നികുതി വർധനവിൽ എന്ത് സമരം എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇവന്മാർ എന്താണ് പുറത്തിറങ്ങി സമരം നടത്താത്തത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഏപ്രിൽ ഒന്നിന് ഹർത്താൽ വേണമെന്നാണ് ആര്‍എസ്പിയുടെ അഭിപ്രായമെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേര്‍ത്തു. അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തില്‍ ഹരിത ട്രിബ്യൂണൽ വിധി വന്നിട്ടും സർക്കാരിന് മിണ്ടാട്ടമില്ലെന്ന് ഷിബു ബേബി ജോൺ കുറ്റപ്പെടുത്തി.

ജനങ്ങൾക്ക് ശുദ്ധവായു നിഷേധിച്ചു എന്നാണ് പരാമർശം. മുഖ്യമന്ത്രിയുടെ മൗനം മറ്റ് പലതിന്റെയും ലക്ഷണമാണ്. സ്പീക്കറെ വിരട്ടുന്ന മുഖ്യമന്ത്രി കേരള ചരിത്രത്തിൽ ആദ്യമാണെന്നും ഷിബു ബേബി ജോൺ വിമര്‍ശിച്ചു. നിയമസഭയിൽ അടിയന്തിരപ്രമേയത്തിന് നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഹകരിക്കില്ലെന്ന ഉറച്ചനിലപാടിലാണ് പ്രതിപക്ഷം. നിയമസഭ സമാധാനപരമായി ചേരണമെന്നാണ് പ്രതിപക്ഷവും ആഗ്രഹിക്കുന്നതെങ്കിലും പൂച്ചക്കുട്ടികളെ പോലെ നിയമസഭയിലിരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവർത്തിച്ച് വ്യക്തമാക്കി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: