FeatureLIFE

ഡ്രൈവര്‍മാർ സമരത്തിൽ; വിവാഹദിനം മുഹൂര്‍ത്തത്തിന് മുമ്പ് വധുവിന്‍റെ വീട്ടിലെത്താൻ വരനും വീട്ടുകാരും രാത്രിയില്‍ നടന്നത് 28 കിലോമീറ്റര്‍!

വിവാഹവുമായി ബന്ധപ്പെട്ട് രസകരമായ പല വാര്‍ത്തകളും വീഡിയോകളുമെല്ലാം പതിവായി വരാറുണ്ട്. വിവാഹത്തിലെ വ്യത്യസ്തമായ ആചാരങ്ങളോ, ആഘോഷങ്ങളോ അതല്ലെങ്കില്‍ വിവാഹത്തോട് അനുബന്ധിച്ചുണ്ടായ രസകരമായ എന്തെങ്കിലും സംഭവവികാസങ്ങളോ എല്ലാമാകാം ഇത്തരത്തില്‍ ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്.

സമാനമായ രീതിയില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഒഡീഷയിലെ റായഗഡയില്‍ ഇന്ന് നടന്നൊരു വിവാഹം. എന്താണ് ഈ വിവാഹത്തിലെ പ്രത്യേകതയെന്നാണോ? സംഗതി വിവാഹത്തിലല്ല പ്രത്യേകത. വിവാഹത്തിന് മുമ്പുണ്ടായ ചില അപ്രതീക്ഷിതമായ സംഭവങ്ങളാണ് വഴിത്തിരിവായത്. വിവാഹം തീരുമാനിച്ച ശേഷം, തീയ്യതി അടുത്തപ്പോഴാണ് ഡ്രൈവര്‍മാരുടെ സമരം എത്തുന്നത്. അങ്ങനെ വിവാഹദിവസം 28 കിലോമീറ്റര്‍ അകലെയുള്ള വധൂഗൃഹത്തിലേക്ക് എത്താൻ മാര്‍ഗമൊന്നുമില്ലാതായി.

Signature-ad

കല്യാണ്‍സിംഗ്പൂര്‍ എന്ന സ്ഥലത്താണ് വരന്‍റെ വീട്. ഇവിടെ നിന്ന് രാത്രി നടന്ന് 28 കിലോമീറ്റര്‍ അകലെയുള്ള വധൂഗൃഹത്തിലെത്താമെന്ന് അങ്ങനെ തീരുമാനമായി. വരനും വീട്ടുകാരും മറ്റ് ബന്ധുക്കളുമെല്ലാം രാത്രി മുഴുവൻ നടന്ന് രാവിലെ മുഹൂര്‍ത്തത്തിന് മുമ്പായി റായഗഡയിലുള്ള വധുവിന്‍റെ വീട്ടിലെത്തി. വിവാഹം മംഗളമായി നടക്കുകയും ചെയ്തു. ഇവര്‍ നടക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കിട്ടതോടെയാണ് സംഭവം ഏവരും അറിയുന്നത്. നിസാരകാര്യങ്ങള്‍ക്ക് വിവാഹം വേണ്ടെന്ന് വയ്ക്കുന്ന ആളുകളുള്ള നാട്ടില്‍ ഇങ്ങനെയും ചെയ്യുന്നവരുണ്ട് എന്നത് സന്തോഷം പകരുന്നുവെന്നാണ് പലരും പ്രതികരിക്കുന്നത്.

വിവാഹശേഷം വരന്‍റെ വീട്ടിലേക്ക് വധു വരുന്നതാണ് ഇവരുടെ രീതി. എന്നാല്‍ സമരം തീരാൻ വധുവിന്‍റെ വീട്ടില്‍ തന്നെ കാത്തിരിപ്പിലാണ് വരനും വീട്ടുകാരും. ഒഡീഷയില്‍ ഒട്ടാകെ ഡ്രൈവര്‍ മാര്‍ സമരത്തിലാണ്. ഇൻഷൂറൻസ്, പെൻഷൻ, വെല്‍ഫയര്‍ ബോര്‍ഡ് രൂപീകരണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സര്‍ക്കാര്‍ ആവശ്യങ്ങളുന്നയിച്ചാല്‍ മാത്രമേ സമരം ഒത്തുതീര്‍പ്പാക്കാൻ സമ്മതിക്കൂ എന്ന നിലപാടിലാണ് ഇവിടെ ഡ്രൈവര്‍മാര്‍.

Back to top button
error: