ഹിമാചൽ സ്വദേശിനിയായ എയർഹോസ്റ്റസ് മരിച്ചത് കാമുകൻ ആദേശ് യുവതിയെ അപ്പാർട്മെന്റിൽ നിന്നു തള്ളിയിട്ടതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവതിയെ അപ്പാർട്മെന്റിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാസർകോട് സ്വദേശി ആദേശിനെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പൊലീസ് അറിയിച്ചു.
ബെംഗളൂരു കോരമംഗലയിലെ രേണുക റെസിഡൻസി സൊസൈറ്റിയിലെ അപാർട്മെന്റിലെ നാലാം നിലയിൽ നിന്നു വീണ നിലയിൽ കഴിഞ്ഞദിവസമാണ് അർച്ചന ധിമന്റെ (28) മൃതദേഹം കണ്ടെത്തിയത്. സോഫ്റ്റ്‌വെയർ എൻജിനീയറായ ആദേശ് ഡേറ്റിങ് ആപ്പിലൂടെയാണ് അർച്ചനയെ പരിചയപ്പെട്ടതെന്നും 7 മാസമായി അടുപ്പത്തിലായിരുന്നെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ മറ്റൊരു പ്രണയത്തെ അർച്ചന ചോദ്യം ചെയ്തതോടെയാണു വാക്കുതർക്കത്തെ തുടർന്ന് തള്ളിയിട്ടതെന്നും അറിയിച്ചു. അർച്ചനയുടെ അമ്മയുടെ പരാതിയിൽ കഴിഞ്ഞദിവസമാണ് ആദേശിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ സ്വകാര്യകമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണ് ആദേശ്.
നാലുദിവസം മുമ്പാണ് അര്‍ച്ചന ദുബായില്‍ നിന്ന് ബെംഗളൂരുവിൽ എത്തിയത്. ആറുമാസത്തോളമായി ഇവര്‍ അടുപ്പത്തിലായിരുന്നു. വെള്ളിയാഴ്ച രാത്രി ഇരുവരും ഫോറം മോളിൽ പോയി സിനിമ കണ്ട ശേഷം താമസ സ്ഥലത്തേക്ക് മടങ്ങിയിരുന്നു. രാത്രി ഏറെ വൈകിയും ഇവർ തമ്മിൽ തർക്കമുണ്ടായി ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവാണെന്നും സംഭവം നടന്ന രാത്രിയില്‍ ഇരുവരും മദ്യലഹരിയിലായിരുന്നു എന്നും പോലീസ് പറഞ്ഞു.
അര്‍ച്ചന കാലുതെറ്റി താഴേക്കു വീഴുകയായിരുന്നുവെന്നും ഉടന്‍ തന്നെ താന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു എന്നുമാണ് ആദേശിന്റെ വിശദീകരണം. ആദേശ് തന്നെയാണ് അര്‍ച്ചന ഫ്‌ളാറ്റില്‍ നിന്നു വീണ വിവരം പോലീസിനെ വിളിച്ചറിയിച്ചത്. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.