തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രത്യേക പ്രസ്താവന നടത്തിയതിന് പിന്നാലെ നിയമസഭയില്‍ കയ്യാങ്കളി. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ എം.എല്‍.എമാരും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ സംഘര്‍ഷം. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച് ആന്റ് വാര്‍ഡ് പിടിച്ചുതള്ളിയെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു.
ഇതിനിടെ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഓഫിസിനുള്ളില്‍ പ്രവേശിച്ചു. എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡ് വലിച്ചിഴച്ചു. സംഘര്‍ഷത്തിനിടെ കോണ്‍ഗ്രസ് എംഎല്‍എ ടി.ജെ.സനീഷ് കുമാര്‍ ജോസഫ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡ് അംഗത്തിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയ്യേറ്റം ചെയ്തുവെന്നു കോണ്‍ഗ്രസ് ആരോപിച്ചു.
ഭരണപക്ഷ എംഎല്‍എമാരും പ്രതിഷേധ സ്ഥലത്തെത്തി. പ്രതിപക്ഷ എംഎല്‍എമാരുടെ അവകാശങ്ങള്‍ സ്പീക്കര്‍ നിരന്തരം നിഷേധിക്കുന്നെന്ന് ആരോപിച്ചായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. ഉപരോധം അവസാനിപ്പിച്ച ശേഷം പ്രതിപക്ഷ അംഗങ്ങള്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഓഫിസില്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നു.