ആലപ്പുഴ: പോലീസ് പിടിയിലായി രണ്ടു മണിക്കൂറിനുള്ളില്‍ കഞ്ചാവ് ആവശ്യപ്പെട്ട് പ്രതിയുടെ ഫോണിലെത്തിയത് 270 കോളുകള്‍! രണ്ടു കിലോ കഞ്ചാവുമായി ലഹരിക്കടത്തുകാരനായ നൂറനാട് പുതുപ്പള്ളിക്കുന്നം സ്വദേശി ഷൈജുഖാനും കൂട്ടാളി കൊല്ലം ശൂരനാട് സ്വദേശി ഗോപകുമാറും അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് ഷൈജുഖാന്റെ ഫോണിലേക്ക് കോളുകളെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് പോലീസ് പരിശോധനയ്ക്കിടെ, കഞ്ചാവുമായി സ്കൂട്ടറില്‍ വരുമ്പോഴാണ് ഷൈജുഖാനും ഗോപകുമാറും പിടിയിലായത്. നൂറനാട് എസ്.എച്ച്.ഒ: പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്ന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
ആലപ്പുഴ ചാരുംമൂട് കനാല്‍ പുറമ്പോക്കില്‍ അനധികൃതമായി തട്ടുകട നടത്തിയിരുന്ന ഷൈജുഖാന്, തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്പന നടത്തിയിരുന്നു. തട്ടുകടയില്‍ പാഴ്സലിന് 500 രൂപയായിരുന്നു വില. കഞ്ചാവ് ആവശ്യമുള്ളവര്‍ക്ക് വേണ്ടിയാണ് 500 രൂപയുടെ പാഴ്സല്‍. കടയില്‍ നിന്നും വാങ്ങുന്ന പാഴ്സലില്‍ ആഹാരം മാത്രമേ ഉണ്ടാകൂ. പാഴ്സലുമായി ചെല്ലുന്നവര്‍ക്ക് കഞ്ചാവ് മറ്റൊരു സ്ഥലത്തുവച്ച് അതിഥി തൊഴിലാളികളെ ഉപയോഗിച്ച് വിതരണം ചെയ്യുന്നതായിരുന്നു രീതി.
എക്സൈസ് ഉദ്യോഗസ്ഥര്‍ തട്ടുകട പൂട്ടിച്ച ശേഷം ഉത്സവപ്പറമ്പുകളില്‍ ഐസ്ക്രീം കച്ചവടത്തിന്റെ മറവിലാണ് ഷൈജുഖാനും ഗോപകുമാറും ചേര്‍ന്ന് കഞ്ചാവ് വില്പന നടത്തിയിരുന്നത്. കരുനാഗപ്പള്ളിയിലെ ഉത്സവപ്പറമ്പില്‍ കഞ്ചാവ് വില്ക്കാന് പോകുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. പിടിയിലായി രണ്ടു മണിക്കൂറിനുള്ളിലാണ് സ്തീകളുടേത് അടക്കം 270 കോളുകള്‍ ഷൈജുഖാന്റെ ഫോണിലെത്തിയത്.