തമിഴ്‌നാട്ടില്‍ കനത്ത മഴ: ഒരടി കൂടി നിറഞ്ഞാല്‍ ചെമ്പഴപ്പാക്കം തടാകം തുറന്ന് വിടും
ചെന്നൈയിലും പരിസര പ്രദേശങ്ങളിലും മഴ കനക്കുന്നു. ചെമ്പഴപ്പാക്കം റിസര്‍വോയര്‍ തടാകം കനത്ത മഴയെത്തുടര്‍ന്ന് നിറഞ്ഞ് കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 1 അടി കൂടി നിറഞ്ഞാല്‍ റിസര്‍വോയര്‍ തടാകം പുറത്തേക്ക് തുറന്ന് വിടും. 1000 ക്യൂസെക്‌സ് ജലമാണ് പുറത്തേക്ക് വിടുക. 2015 ലെ വെള്ളപ്പൊക്കത്തിന്റെ മുഖ്യകാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് റിസര്‍വോയറിന്റെ ഷട്ടര്‍ തുറന്നതായിരുന്നു. നിവാര്‍ ചുഴലിക്കാറ്റ് കരയെത്തൊടുന്ന സാഹചര്യത്തിലാണ് കാര്യങ്ങള്‍ ഇപ്രകാരം മാറി മറിയുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ചുഴലിക്കാറ്റായ നിവാര്‍ ഇന്ന് രാത്രി 8 നും 12 നും ഇടയില്‍ കരയെ തൊടുമെന്നാണ് അധികൃത അറിയിച്ചിരിക്കുന്നത്. തമിഴ്‌നാടും പുതുച്ചേരിയും അതീവ ജാഗ്രതയിലാണ്. പുതുച്ചേരി തീരത്ത് മണിക്കൂറില്‍ 120-145 വേഗത്തില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്.
സുരക്ഷാ നടപടികളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ ഇന്ന് പൊതു അവധിയും പുതുച്ചേരിയില്‍ നാളെ രാവിലെ 6 മണി വരെ നിരോധജ്ഞയും പ്രഖ്യാപിച്ചു. ചെന്നൈയില്‍ നിവാര്‍ ചുഴലിക്കാറ്റ് നാശം വിതയ്ക്കില്ലെന്നിരിക്കെയും കനത്ത മഴ പെയ്യുന്നത് ആശങ്കയ്ക്ക് വക നല്‍കുന്നുണ്ട്. വെള്ളപ്പൊക്കത്തിനുള്ള സാധ്യതയും സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. ദേശീയ ദുരന്തനിവാരണ സേനയും, തീരദേശ സേനയും രംഗത്തുണ്ട്. നിവാര്‍ ശക്തിയായ വീശാന്‍ സാധ്യതയുള്ള കാരയ്ക്കല്‍, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂര്‍, വിഴുപുറം എന്നിവടങ്ങളില്‍ നിന്നെല്ലാം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു.ചെന്നൈയില്‍ നിന്നും തെക്കന്‍ തമിഴ്‌നാട്ടിലേക്കുള്ള ട്രെയിനുകളെല്ലാം റദ്ദാക്കിയിട്ടുണ്ട്. തെക്കന്‍ തമിഴ്‌നാട് വഴി കേരളത്തിലേക്കുള്ള ട്രെയിനുകളും ഇതില്‍ ഉള്‍പ്പെടും