നർകോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ് എന്ന റോവിങ് റിപ്പോർട്ടിൽ വ്യാജ വാർത്ത നൽകിയെന്ന പേരിൽ സി പി എം ആരോപണം കടുക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം എസ്എഫ്ഐ ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിലേക്ക് പ്രതിഷേധവുമായെത്തി. രാത്രി സമയത്ത് ജീവനക്കാരുടെ ജോലിയെ പോലും തടസം ചെയ്തു കൊണ്ടാണ് പ്രവർത്തകർ എത്തിയതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നത്. ഒരു വാർത്ത വ്യാജമാണെന്ന ആരോപണം മാത്രം കൊണ്ട് എസ്എഫ്ഐ നടത്തിയ പ്രവർത്തി അപലപനീയമെന്നാണ് പലരും പറയുന്നത്. സംഭവത്തിൽ കെ യു ഡബ്ല്യൂ ജെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
സിപിഎം പ്രതിഷേധങ്ങൾ കൂടിയതോടെ ഏഷ്യാനെറ്റ് ന്യൂസിന് പിന്തുണയുമായി നിരവധി പേരാണെത്തുന്നത്. ജനാധിപത്യത്തിന്റെ കറുത്ത മുഖമാണ് എസ്എഫ്ഐ പ്രതിഷേധമെന്നാണ് കെസി വേണുഗോപാൽ പറഞ്ഞത്. ഭയപ്പെടുത്താനുള്ള ശ്രമമാണെന്നും വിരട്ടൽ ശ്രമം അംഗീകരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു. തൃക്കാക്കര എംഎൽഎ ഉമ തോമസ് ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ഓഫീസ് സന്ദർശിച്ചു.
പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയും രാഷ്ട്രീയ സാമൂഹിക രംഗത്തുള്ള പലരും ഏഷ്യാനെറ്റിന് പിന്തുണയുമായി രംഗത്തെത്തി. വിവിധയിടങ്ങളിൽ കെയുഡബ്ല്യൂജെ പ്രതിഷേധ സമരവും സംഘടിപ്പിച്ചു. വ്യാജ വാർത്ത എന്ന ഒരു ആരോപണത്തിന്റെ പേരിൽ മാത്രം ഒരു റിപ്പോർട്ടറെയും ചാനലിനെയും അപഹാസ്യരാക്കുന്നത് ശരിയല്ലെന്ന് അഭിപ്രായം ഉയർന്നു.
അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജ അഭിമുഖം നടത്തിയതിന് ഏഷ്യനെറ്റ് ന്യൂസിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.