CrimeNEWS

അഴിമതിക്കാരെ പൂട്ടാൻ ഉറപ്പിച്ച് വിജിലൻസ്; അഴിമതിക്കേസിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചാലും കുറ്റപത്രം നൽകാമെന്ന് വിജിലൻസ് ഡയറക്ടർ, പുതിയ സർക്കുലർ ഇറക്കി

തിരുവനന്തപുരം: അഴിമതിക്കേസിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചാലും കുറ്റപത്രം നൽകാമെന്ന് വിജിലൻസ് ഡയറക്ടർ. അഴിമതിക്ക് വേണ്ടി ഗൂഡാലോചന നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കുറ്റപത്രം നൽകുന്നതിൽ സർക്കാർ അനുമതി തടസ്സമല്ലെന്ന് ഡയറക്ടർ മനോജ് എബ്രഹാം സർക്കുലർ ഇറക്കി. ഭരണ സ്വാധീനത്താൽ അഴിമതിക്കേസിൽ നിന്നും ഉദ്യോഗസ്ഥർ രക്ഷപ്പെട്ടാലും പുതിയ സർക്കുലറോടെ പിടിവീഴും.

അഴിമതിക്കേസുകളിൽ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനും, കുറ്റക്കാരായി കണ്ടെത്തിയാൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനും സർക്കാർ അനുമതി ആവശ്യമാണ്. അഴിമതി നിരോധന നിയമത്തിലെ 19-ാം വകുപ്പ് പ്രകാരമാണ് അനുമതി വേണ്ടത്. സർക്കാ‍ർ ഉദ്യോഗസ്ഥർക്ക് നൽകുന്ന ഈ സംരക്ഷണം സ്വാധീനമുള്ള അഴിമതിക്കാർക്ക് പിടിവളളിയാകുന്നുണ്ട്. വിജിലൻസ് അന്വേഷണം നടത്തി കുറ്റക്കാരായി കണ്ടെത്തി റിപ്പോർട്ട് നൽകിയാലും സർക്കാർ വകുപ്പുകൾ അനുമതി നൽകുന്നത് നീട്ടികൊണ്ട് പോകുന്നുണ്ട്. ഒടുവിൽ അഴിമതിക്കേസിൽ നിന്നും ഒഴിവാക്കി ഉത്തരവിറക്കുന്നത് പതിവാവുകയാണ്. അങ്ങനെ അഴിമതിക്കാർ രക്ഷപ്പെട്ടുപോകുന്നത് തുടരുന്നതിനിടെയാണ് സർക്കാർ തീരുമാനത്തെ തന്നെ വെട്ടിലാക്കുന്ന ഡയറക്ടറുടെ പുതിയ സർക്കുലർ.

Signature-ad

അഴിമതിക്കാർക്കെതിരെ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയില്ലെങ്കിലും ആ ഉദ്യോഗസ്ഥർ അഴിമതിക്കാർക്കുവേണ്ടി ഗൂഡാലോചന നടത്തുകയോ, വ്യാജ രേഖയുണ്ടാക്കാൻ കൂട്ടുനിൽക്കുകോ ചെയ്തുവെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിൽ ഉദ്യോഗസ്ഥരെ പ്രതിചേർത്തുതന്നെ കുറ്റപത്രം നൽകാനാണ് മനോജ് എബ്രഹാമിൻറെ സർക്കുലർ. വിജിലൻസ് കോടതിയിലോ, മജിസ്ട്രേറ്റ് കോടതിയിലോ കുറ്റപത്രം നൽകാമെന്ന് സുപ്രീംകോടതി ഉത്തരവ് ചൂണ്ടികാട്ടിയുള്ള സർക്കുലറിൽ പറയുന്നു. അഴിമതിക്കാരെ വെട്ടിലാക്കുന്ന ഈ ഉത്തരവിനോട് ആഭ്യന്തരവകുപ്പിൻറെ സമീപനം എന്തായിരിക്കുമെന്നാണ് ഇനി അറിയേണ്ടത്. സർക്കാർ ഉദ്യോഗസ്ഥർക്ക് നിയമം നൽകുന്ന സംരക്ഷണം സർക്കുലർകൊണ്ട് മറികടക്കാകുമോയെന്ന ചോദ്യം നിയമവിദഗ്ധരും ഉയർത്തുന്നുണ്ട്. വരും ദിവസങ്ങളിൽ വിജിലൻസ് ഡയറക്ടറുടെ സർക്കുല‍ർ കോടതികളിൽ വലിയ വാദങ്ങൾക്ക് കാരണമാകും.

Back to top button
error: