കോട്ടയം: കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 2,3,4,5 തീയതികളിൽ കോട്ടയത്ത് പ്രതിനിധി സമ്മേളനം നടത്തും. മാർച്ച് 2ന് കെ.എം. മാണിയുടെ കല്ലറയിൽനിന്ന് ദീപശിഖയും യൂത്ത്ഫ്രണ്ട് (എം) മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ബാബു ചാഴികാടന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് കൊടിമരവും കുട്ടനാടൻ കർഷകന്റെ ആവേശമായിരുന്ന ജോൺ ജേക്കബിന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് പതാകയും വൈകിട്ട് 5 മണിക്ക് കോട്ടയം തിരുനക്കര മൈതാനത്തെത്തി ചേരും. സംസ്ഥാന പ്രസിഡൻ്റ് റോണി മാത്യു പതാക ഉയർത്തുന്നതോടെ നാല് ദിവസം നീണ്ട് നിൽക്കുന്ന കേരള യൂത്ത്ഫ്രണ്ട് (എം)ന്റെ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് തുടക്കമാവും. മാർച്ച് 3ന് രാവിലെ 10.30ന് കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസ് ഹാളിൽ നടക്കുന്ന “യുവസംരഭകരും നവകേരളവും” എന്ന വിഷയത്തിലുള്ള സിമ്പോസിയം സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് ഉദ്ഘാടനം ചെയ്യും.
മാർച്ച് 4ന് വൈകിട്ട് 4ന് പതിനായിരം യുവജനങ്ങൾ പങ്കെടുക്കുന്ന അധ്വാനവർഗ്ഗ യുവസംഗമം കോട്ടയം തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്ത്കൊണ്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി സംസാരിക്കും. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി മാത്യു അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ജലവിഭവ വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് (എം) പാർലമെൻ്ററി പാർട്ടി ലീഡറുമായ റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. ഗവ: ചീഫ് വിപ്പ് ഡോ:എൻ ജയരാജ്, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ അഡ്വ: ജോബ് മൈക്കിൽ, പ്രമോദ് നാരായൺ, അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, അഡ്വ: അലക്സ് കോഴിമല മറ്റ് കേരള കോൺഗ്രസ് (എം)- യൂത്ത്ഫ്രണ്ട് (എം) നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും
സംസ്ഥാനത്ത് നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥി – യുവജനങ്ങളുടെ തോത് വർധിക്കുന്ന സാഹചര്യത്തെ അടിസ്ഥാനമാക്കി “യുവത്വവും കുടിയേറ്റവും” എന്ന വിഷയത്തിൽ സെമിനാർ മാർച്ച് 5ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസ് ഹാളിൽ തോമസ് ചാഴിക്കാടൻ എംപി ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് റോണി മാത്യുവിനൊപ്പം യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സിറിയക് ചാഴിക്കാടൻ, ഷേയ്ക്ക് അബ്ദുള്ള, ബിറ്റു വൃന്ദാവൻ, അഡ്വ:ദീപക് മാമ്മൻ മത്തായി, റോണി വലിയപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.