കൊച്ചി: കണ്ടക്ടര്‍ക്ക് നായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ച സ്വകാര്യ ബസിന് പിഴയിട്ട നടപടി പിന്‍വലിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ബുധനാഴ്ച രാവിലെയാണ് അരൂര്‍- ക്ഷേത്രം- ചേര്‍ത്തല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ വിഗ്‌നേഷിന് നായയുടെ കടിയേറ്റത്.
നായയുടെ കടിയേറ്റ് ഇടതു കാല്‍മുട്ടിന് താഴെ വലിയ മുറിവുണ്ടായതിനാല്‍, കണ്ടക്ടറെയും കൊണ്ട് ഡ്രൈവര്‍ ആശുപത്രിയിലേക്ക് പോയി. ഈ സമയം എത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അനധികൃതമായി സര്‍വീസ് മുടക്കി എന്ന പേരില്‍ 7500 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് ബസുടമ ചേര്‍ത്തല ജോയിന്റ് ആര്‍.ടി. ഓഫീസിലെത്തി വിവരം അറിയിച്ചു. സര്‍വീസ് നിര്‍ത്താനിടയായ കാരണം ബോധ്യപ്പെട്ടതോടെ, പിഴ ചുമത്തിയ നടപടി പിന്‍വലിക്കുമെന്ന് ജോയിന്റ് ആര്‍.ടി.ഒ ജെബി ചെറിയാന്‍ ബസുടമയ്ക്ക് ഉറപ്പു നല്‍കിയത്.